കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും കൂട്ടാളി വിജേഷും കോടതിയിലെത്തിയ പള്‍സര്‍ ബൈക്കിന്റെ ഉടമയെ പോലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ സുനിയും കൂട്ടാളിയും ഒളിച്ചു താമസിച്ചത് ഇവിടെയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. തന്റെ ബൈക്ക് സുനി മോഷ്ടിച്ചുകൊണ്ടു പോകുകയായിരുന്നു എന്നാണ് സെല്‍വന്‍ പറയുന്നത്.
ടിഎന്‍ 04 ആര്‍ 1496 എന്ന നമ്പരിലുള്ള ബൈക്കിലാണ് സുനിയും വിജേഷും കോടതിയിലെത്തിയത്. ഇരുവരെയും കോടതിമുറിയില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതിനു ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ക്ഷേത്രപരിസരത്തു നിന്നും കേബിളുകള്‍ മുറിഞ്ഞ നിലയില്‍ ബൈക്ക് കണ്ടെത്തിയത്. പ്രതികള്‍ ഒളിച്ചു താമസിച്ചിരുന്ന പീളമേട്ടിലെ ശ്രീറാം കോളനിയില്‍ തെളിവെടുപ്പ് തുടരുകയാണ്.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. സുനിയുടെ കൈവശമുണ്ടായിരുന്നതെന്നു സംശയിക്കുന്ന ഒരു മൊബൈല്‍ഫോണും ഇവിടെ നിന്നു കിട്ടിയിട്ടുണ്ട്. കോയമ്പത്തൂരില്‍ പ്രതികള്‍ ഒളിവില്‍ താമസിച്ച ഇടങ്ങളിലും, ഇവിടെ നിന്നും ആരില്‍ നിന്നെല്ലാം സഹായങ്ങള്‍ ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ തെളിവെടുക്കും.