ചെന്നൈ: തമിഴ് ഹാസ്യനടൻ തവക്കള (ബാബു- 47) അന്തരിച്ചു. ചെന്നൈയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചെന്നൈ വടപളനി സ്വദേശിയാണ്. ഉയരക്കുറവുകൊണ്ട് സിനിമയിൽ ഉയരങ്ങൾ കീഴടക്കിയ നടനായിരുന്നു തവക്കളയെന്ന ബാബു. വിവിധ ഭാഷകളിൽ നാൽപ്പതോളം ചിത്രങ്ങളിൽ വേഷമിട്ട ബാബു തന്നെ ശ്രദ്ധേയനാക്കിയ മുന്താണി മുടിച്ച് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു. ഭാഗ്യരാജ് ആയിരുന്നു മുന്താണി മുടിച്ചിലെ നായകൻ.
ചിത്രീകരണം നടക്കുന്ന മലയാളചിത്രം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് അവസാന ചിത്രം. തവക്കളയുടെ രണ്ടാമത്തെ മലയാള ചിത്രമായിരുന്നു ഇത്. 1984ല്‍ ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത വനിതാ പോലീസിലാണ് ഇതിന് മുന്‍പ് അഭിനയിച്ചത്.