ദുബായ്: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഐസിസി റാങ്കിംഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ അടിപതറിയില്ല. ടെസ്റ്റിലെ ബാറ്റിംഗ് റാങ്കിംഗില്‍ കോഹ്ലി രണ്ടാം സ്ഥാനവും ബൗളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും രവിചന്ദ്ര അശ്വിന് ഒന്നാം സ്ഥാനവും നിലനിര്‍ത്തി.
പൂനയില്‍ ഓസീസിനെതിരേ ആദ്യ ഇന്നിംഗ്സില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 46-ാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ച മാറ്റ് റെന്‍ഷോ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി.
പൂന ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത പ്രകടനത്തിലൂടെ 33 സ്ഥാനങ്ങള്‍ കുതിച്ചുയര്‍ന്ന ഓസീസ് സ്പിന്നര്‍ സ്റ്റീവ് ഒക്കീഫെ ബൗളര്‍മാരില്‍ 29-ാം സ്ഥാനം കരസ്ഥമാക്കി. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മികച്ച പ്രകടനം നടത്തിയ ഉമേഷ് യാദവ് 30-ാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരേ തുടര്‍ച്ചയായ അഞ്ചാം സെഞ്ചുറി നേടി ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്ത് 939 പോയിന്റുകളോടെ ബാറ്റ്സ്മാന്മാരില് ഒന്നാം സ്ഥാനം നിലനിര്‍ത്തി.