ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി പോയിന്റ് നിലയില്‍ വളരെ മുന്നിൽ എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റര്‍ സിറ്റി അവസാന മൂന്നിലെത്തി പുറത്താക്കല്‍ ഭീഷണി നേരിടുകയാണ്. സ്വാന്‍സി സിറ്റിയെ 3-1ന് തോല്‍പ്പിച്ച ചെല്‍സി രണ്ടാം സ്ഥാനക്കാരായ ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം 10 ആക്കി ഉയര്‍ത്തി. പെഡ്രോ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങി.
ചെല്‍സിയുടെ കഴിഞ്ഞ 20 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ 17-ാം ജയമാണ്. 300-ാം പ്രീമിയര്‍ മത്സരത്തിനിറങ്ങിയ സെസ് ഫാബ്രിഗസ് 19-ാം മിനിറ്റില്‍ നീലപ്പടയെ മുന്നിലെത്തിച്ചു. പെഡ്രോയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ഇടവേളയ്ക്കു പിരിയുന്നതിനു സെക്കന്‍ഡുകള്‍ക്കു മുമ്പ് ഫെര്‍ണാണ്ടോ ലോറന്റെയുടെ (45+2) ഹെഡര്‍ ചെല്‍സിയുടെ വലയില്‍ കയറി.
പക്ഷേ രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ആധിപത്യമായിരുന്നു. 72-ാം മിനിറ്റില്‍ പെഡ്രോയുടെ ലോംഗ് റേഞ്ച് നീലപ്പടയെ മുന്നിലെത്തിച്ചു. 84-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന്റെ പാസില്‍ ഗോള്‍ നേടിക്കൊണ്ട് ഡിയേഗോ കോസ്റ്റ ലീഗിലെ 16-ാം ഗോള്‍ തികച്ചു. 26 കളിയില്‍ ചെല്‍സിക്കു 63 പോയിന്റുണ്ട്.
ചാമ്പ്യന്മാര് പുറത്തേക്ക്
മിഡില്‍സ്ബ്രോയ്ക്കെതിരേ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കലില്‍നിന്നു താത്കാലികമായിട്ടെങ്കിലും രക്ഷിച്ചു. എന്നാല്‍ ഈ ജയം ലീസ്റ്ററിനെ അവസാന മൂന്നിലെത്തിക്കുകയും ചെയ്തു. ഇന്ന് രാത്രി ലിവര്‍പൂളിനോട് സ്വന്തം ഗ്രൗണ്ടില്‍ ലീസ്റ്റര്‍ തോറ്റാല്‍ നിലവിലെ ചാമ്പ്യന്മാരുടെ പ്രീമിയര്‍ ലീഗിലെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകും.
മറ്റ് മത്സരങ്ങളില്‍ എവര്ട്ടണ് 2-0ന് സണ്ടര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ഇഡ്റിസ ഗ്യുയി (40), റൊമേലു ലൂക്കാക്കു (80) എന്നിവരുടെ ഗോളുകളാണ് എവര്‍ട്ടണെ വിജയിപ്പിച്ചത്. വെസ്റ്റ്ബ്രോംവിച്ച് 2-1ന് ബോണ്‍മൗത്തിനെയും തോല്‍പ്പിച്ചു. ഹള്‍സിറ്റി-ബേണ്‍ലി (1-1), വാറ്റ്ഫര്ഡ്-വെസ്റ്റ്ഹാം (1-1) മത്സരങ്ങൾ സമനിലയായി.ടോട്ടനത്തിനു വേണ്ടി ഹാരി കെയ്ൻ ഹാട്രിക് നേടി.
പോയിന്റ് നിലയിൽ രണ്ടാമതെത്തിയ ടോട്ടനം സ്റ്റോക് സിറ്റിയെ ഏകപക്ഷീ യമായ നാലു ഗോളിനു പരാജയപ്പെടുത്തി. ഒരു മത്സരം കുറവുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 52 പോയിന്റുണ്ട്.