കൊച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് കണ്ടെത്താനാകത്ത് പോലീസിനെ കുഴയ്ക്കുന്നു. കേസിൽ ഏറെ നിർണായകമായ തെളിവാണ് ഈ ദൃശ്യങ്ങൾ. പ്രതികളെ പിടികൂടി ദിവസങ്ങളായിട്ടും നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ ഫോണോ ദൃശ്യങ്ങളോ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പുറത്തു വരാതിരിക്കുക എന്നതു പോലീസിനും നടിക്കും ഏറെ നിർണായകമാണ്. പ്രതികളുടെ പക്കൽ നിന്നു ദൃശ്യങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇപ്പോഴല്ലെങ്കിൽ പിന്നീടും ഈ ദൃശ്യങ്ങൾ പുറത്തുവരാനുള്ള സാധ്യതകളും പോലീസ് കാണുന്നുണ്ട്. അതിനാൽ തന്നെ ഈ ദൃശ്യങ്ങൾ കണ്ടെത്തുക ഏറെ നിർണായകമാണ്.
ദൃശ്യങ്ങളെക്കുറിച്ചും അതടങ്ങിയ ഫോണുകളെക്കുറിച്ചും പൾസർ സുനി വ്യക്തമായ വിവരങ്ങൾ നൽകുന്നില്ല. ഫോണ് ഉപേക്ഷിച്ചു എന്ന് പൾസർ സുനി പറഞ്ഞ സ്ഥലത്തെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. വൈറ്റില പൊന്നുരുന്നിക്കു സമീപമുളള ഓടയിൽ കളഞ്ഞെന്നു ആദ്യം മൊഴി നൽകിയെങ്കിലും പിന്നീട് ഗോശ്രീ പാലത്തിൽനിന്നു എറിഞ്ഞുകളഞ്ഞെന്നു മാറ്റിപ്പറഞ്ഞു. ദൃശ്യങ്ങൾ ആർക്കെങ്കിലും പകർത്തി നൽകിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ പോലും പോലീസിനു വിവരമില്ല. ചോദ്യം ചെയ്യലിൽ സുനി ഇക്കാര്യങ്ങളോടു പ്രതികരിക്കുന്നില്ലെന്നാണു വിവരം.
സംഭവത്തിനുശേഷം പൾസർ സുനിയെത്തിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ നിന്നായി ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവും ടാബ് ലെറ്റുമെല്ലാം പോലീസ് കണ്ടെടുത്തിരുന്നു. ഇവയിൽ ദൃശ്യങ്ങളില്ല എന്നുതന്നെയാണ് പ്രാഥമിക പരിശോധനയിൽ നിന്നു മനസിലായിരിക്കുന്നത്. എന്നാൽ, ഇവയുടെ വിദഗ്ധ പരിശോധന പൂർത്തിയാക്കിയാൽ മാത്രമെ ഇവയ്ക്കുള്ളിൽ ദൃശ്യങ്ങളുണ്ടോ എന്നകാര്യത്തിൽ വ്യക്തത കൈവരികയുള്ളു. ദൃശ്യതെളിവുകൾ കണ്ടെത്താൻ സാധിക്കാതെവന്നാൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന ഐടി ആക്ട് പ്രകാരമുള്ള കേസുകൾ ദുർബലമാകും. പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാനും ദൃശ്യതെളിവുകൾ ഏറെ നിർണായകമാണ്.
ദൃശ്യങ്ങൾ പ്രതികളുടെ കൈയിൽ ഇരിക്കുന്നിടത്തോളം കാലം നടിയെ ബ്ലാക്മെയിൽ ചെയ്യാനും കേസ് ദുർബലപ്പെടുത്താനുമുള്ള സാധ്യതകൾ നിലനിൽക്കുന്നു. തെന്നിന്ത്യയിൽ മുഴുവൻ തിളങ്ങി നിൽക്കുന്ന താരമായതിനാൽ ഇവരുടെ ദൃശ്യങ്ങൾ പുറത്തുപോകുന്നത് നടിക്കു ഏറെ ദോഷം ചെയ്യും. അതിനാൽ തന്നെ ഈ ദൃശ്യങ്ങൾ തങ്ങളുടെ കൈയിൽ വച്ച് നടി കൂടുതൽ കടുത്ത നിയമനടപടികൾ സ്വീകരിക്കാതിരിക്കാനുള്ള തന്ത്രമാണ് പ്രതികൾ പരീക്ഷിക്കുന്നത്. ദൃശ്യങ്ങൾ കണ്ടെത്തിയാൽ തന്നെ മറ്റാർക്കെങ്കിലും അവ പകർത്തിനൽകിയിട്ടുണ്ടോ എന്നകാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോയന്പത്തൂരിലെത്തിച്ച് ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തി. സംഭവശേഷം ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്ന കോയന്പത്തൂർ പീളമേട്ടിലെ ശ്രീറാം നഗറിലുള്ള വീട്ടിലായിരുന്നു തെളിവെടുപ്പ്. കണ്ണൂർ സ്വദേശിയും പ്രതികളുടെ സുഹൃത്തുമായ ചാർളിയുടെ വാടകവീടാണിത്. ഇവിടെ നിന്നാണ് ഒരു മൊബൈൽ ഫോണും ടാബ്ലെറ്റും ചാർജറും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രിയിൽ ചാർളിയെയും പോലീസ് എറണാകുളത്തുനിന്നു കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളുമായുള്ള പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായതായി പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ 4.30നാണ് ആലുവയിൽ നിന്നു സുനിയെയും വിജീഷിനെയും കൊണ്ട് ഡിവൈഎസ്പി ബാബുകുമാറിന്റെ നേൃതൃത്വത്തിലുള്ള അന്വേഷണ സംഘം കോയന്പത്തൂരിലേക്ക് പോയത്. എട്ടരയോടെ പീളമേട്ടിലെത്തി. ഇരുപതാം നന്പർ കെട്ടിടത്തിലാണ് ചാർളി താമസിച്ചിരുന്നത്. വർഷങ്ങൾക്കു മുന്പു വിജീഷ് ഇലക്ട്രീഷൻ ജോലിക്കായി എത്തിയപ്പോൾ താമസിച്ചിരുന്നത് ഇവിടെയാണ്. സുനിയെയും വിജീഷിനെയും വെവ്വേറെയാണു വീടിനകത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്നു മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിന്ശേഷമാണു പ്രതികളുമായി പോലീസ് സംഘം മടങ്ങിയത്.
പിടിച്ചെടുത്ത മൊബൈൽ ഫോണും ടാബ്ലെറ്റും പ്രതികൾ ഉപയോഗിച്ചിരുന്നതാണോയെന്നു പരിശോധിക്കും. നടിയെ ആക്രമിക്കുന്ന സമയത്ത് സുനി ധരിച്ചിരുന്ന കറുത്ത ടീ ഷർട്ടും മറ്റു വസ്ത്രങ്ങളുമാണ് പോലീസ് കണ്ടെടുത്തതെന്നാണ് അറിയുന്നത്. വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
നടിയെ ആക്രമിച്ചശേഷം ആലപ്പുഴയിലെത്തിയ സുനിയും മണികണ്ഠനും വിജീഷും പിന്നീട് കോയന്പത്തൂരിലെത്തി. സുനിയുമായി തെറ്റിപ്പിരിഞ്ഞ് കോയന്പത്തൂരിൽനിന്നു പാലക്കാട്ടേക്കു വരുന്നവഴിക്കാണ് മണികണ്ഠൻ പിടിയിലായത്. ഇതിന് ഒരു ദിവസം മുന്പേ വടിവാൾ സലീമും പ്രദീപും കോയന്പത്തൂരിൽനിന്നുതന്നെ അറസ്റ്റിലായിരുന്നു. സുനിയും വിജീഷും ചാർളിയുടെ വീട്ടിലെത്തി ഒളിവിൽ തങ്ങി. വർക് ഷോപ്പിൽ ലെയ്ത്ത് വർക്ക് ചെയ്യുന്ന ചാർളിയും സുഹൃത്ത് ദിണ്ടിഗൽ സ്വദേശി ശെൽവനുമാണ് ഇവിടെ താമസിച്ചിരുന്നത്.
നടിയെ ആക്രമിച്ചു മുങ്ങിയശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നു സുനി മൊഴി നൽകിയിരുന്നു.
കൈയിൽ പണമില്ലാത്തതിനാലാണു ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നുതന്നെ എറണാകുളം ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനി വെളിപ്പെടുത്തി. ഇരുവരെയും മാർച്ച് അഞ്ചു വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.