പാലാ : ഷർട്ടിന്റെ പണം ആവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ച ആൾ പിടിയിൽ. കിഴതടിയൂർ കണ്ടത്തിൽ ജോസഫ് തോമസ്(39) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് പാലാ മഹാറാണി ജംഗ്ഷനു സമീപമുള്ള റെഡ്ലൂപ്പ് മെൻസ്വെയർ എന്ന വസ്ത്ര സ്ഥാപനത്തിൽ എത്തിയ ജോസഫ് ഒരു ഷർട്ട് വാങ്ങി.
ഒപ്പം തന്നെ വിലയേറിയ മറ്റൊരു ഷർട്ടും ജോസഫ് തെരെഞ്ഞെടുത്തിരുന്നു. ഇതും തനിക്ക് നൽകണമെന്നും പണം അൽപ സമയത്തിനു ശേഷം എത്തിച്ചു നൽകാമെന്നും ഇയാൾ പറഞ്ഞു. എന്നാൽ മുഴുവൻ പണവും നൽകിയാലേ ഷർട്ട് നൽകാനാവൂ എന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ റഷീബ് (27) പറഞ്ഞു.
ഇതിൽ പ്രകോപിതനായി മടങ്ങിയ ജോസഫ് 3.30തോടെ വീണ്ടും കടയിലെത്തുകയും റഷീബിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ റഷീബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലാ പൊലീസ്് എത്തി ജോസഫിനെ പിടികൂടി. ഇയാൾക്കെതിരെ കേസെടുത്ത പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി.