പത്തനംതിട്ട: കോഴഞ്ചേരിയിൽ നടന്ന എംജി സർവകലാശാല കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടു വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ നടപടിക്കു സാധ്യത. എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ടു നൽകിയിട്ടുണ്ട്. എംജി സർവകലാശാല യുവജനോത്സവത്തിനായി 16 ലക്ഷം രൂപയുടെ ഫണ്ടാണ് യൂണിയൻ കൈമാറിയത്. യൂണിയൻ ഇതു സംഘാടകസമിതിയെ ഏൽപിച്ചു.
യൂണിവേഴ്സിറ്റി യൂണിയനും പ്രാദേശികമായി രൂപീകരിക്കുന്ന സ്വാഗതസംഘവും ചേർന്നാണ് കലോത്സവം നടത്തേണ്ടത്. ഇതനുസരിച്ച് സ്വാഗതസംഘം ജനറൽ കണ്വീനറായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണെത്തിയത്. യൂണിയൻ ഫണ്ട് കൂടാതെ പുറത്തുനിന്നും കലോത്സവത്തിനു സ്പോണ്സർഷിപ്പും പരസ്യവുമടക്കം പണം വാങ്ങിയിരുന്നതായി പറയുന്നു. സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പൂർണമായി ഒഴിവാക്കിയാണ് കലോത്സവ നടത്തിപ്പുണ്ടായത്. ഇതോടെ പാർട്ടി നേതൃത്വം അടക്കം വിശദീകരണവുമായി രംഗത്തെത്തി.
കലോത്സവം സിനിമയിലാക്കുന്നതിന്റെ ഭാഗമായി എബ്രിഡ്ഷൈൻ സംവിധാനം ചെയ്യുന്ന “പൂമരം’ ഷൂട്ടിംഗ് കലോത്സവം വേദികളുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. എല്ലാ വേദികളിലും ആശംസളുമായി പൂമരം ബാനറുകൾ കെട്ടിയിരുന്നു. ഷൂട്ടിംഗ് ആവശ്യത്തിനു നാലുലക്ഷം രൂപ നൽകിയെന്നു പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. എന്നാൽ മൂന്നുലക്ഷം രൂപ കലോത്സവ സംഘാടകസമിതിയെ ഏല്പിച്ചാണ് ഷൂട്ടിംഗ് നടത്തിയതെന്ന് സിനിമാ പ്രവർത്തകർ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും പറയുന്നു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി സജിത് പി.ആനന്ദിൽ സംസ്ഥാന നേതൃത്വും സിപിഎം ജില്ലാ സെക്രട്ടേറിയറ്റും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മത്സരാർഥികൾക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ കലോത്സവത്തിന്റെ പേരിൽ ധൂർത്ത് നടത്തിയതായും ആക്ഷേപമുണ്ട്. വോളണ്ടിയേഴ്സിന് യൂണിഫോം ഉൾപ്പെടെ വാങ്ങിനൽകിയും സംഘാടകസമിതിയിലെ പിടിപ്പുകേടു കാരണം നേതാക്കൾ വിട്ടുനിന്നതുമെല്ലാം പരാതികളായി നിലനിൽക്കുന്പോഴാണ് ചെലവിനെ സംബന്ധിച്ച ആക്ഷേപം ശക്തമായിരിക്കുന്നത്.