അഗളി: ഷോളയൂർ പത്താംവാർഡ് മേലേകുറവൻപാടിയിൽ ഷാജിയും കുടുംബവും വസിക്കുന്നത് മരത്തിലേക്ക് വലിച്ചുകെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ. ഭക്ഷണം പാകപ്പെടുത്തലും ഉറക്കവും ഊണും എല്ലാ ഈ മറയില്ലാത്ത വീടിനുള്ളിൽ.കാട്ടുകമ്പുകളും പുല്ലും ഉപയോഗിച്ച് നിർമിച്ച ഒറ്റമുറി വീട്ടിലായിരുന്നു ഷാജിയും ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം വീടിന്റെ തൂണുകൾ ചിതലരിച്ചു വീണതോടെയാണ് പ്ലാസ്റ്റിക് കൂടാരത്തിലേക്ക് മാറിയതെന്ന് ഷാജി പറഞ്ഞു.
കാറ്റുവീശിയാൽ വസ്ത്രങ്ങളും പാത്രങ്ങളും മറ്റും പറമ്പിലേക്ക് പറക്കും. കാറ്റും മഴയും കൂടിയായാൽ നിന്നുനനയുകയല്ലാതെ മറ്റുവഴിയില്ല. ഒരു വീടിനുവേണ്ടി വർഷങ്ങളായി ഗ്രാമസഭകളിൽ അപേക്ഷ നൽകി പഞ്ചായത്തുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഷാജി പറഞ്ഞു.
താമസയോഗ്യമായ വീടില്ലാത്ത നിരവധിപേർ ഈ മലമുകളിലുണ്ട്. കഴിഞ്ഞ വർഷം ജനറൽ വിഭാഗത്തിന് പഞ്ചായത്തിൽനിന്ന് വീടിനു അനുമതിയില്ലാതിരുന്നതിനാലാണ് ഷാജിക്ക് വീട് ലഭിക്കാതെ പോയതെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്തിൽനിന്ന് വീട് അനുവദിക്കുമെന്നും വാർഡ് മെമ്പർ മാർട്ടിൻ ജോസഫ് പറഞ്ഞു.
പഞ്ചായത്തിൽ നിന്നും വീട് അനുവദിച്ച് നിർമാണം തുടങ്ങിയ ഭൂരിഭാഗം വീടുകളും പണി പൂർത്തിയാക്കാതെ പാതിവഴിയിൽ നിൽക്കുകയാണ്.മഴ പെയ്താൽ ഇക്കൂട്ടർക്കും തലചായ്ക്കാനിടയില്ലാതാകും. ജനറൽ വിഭാഗത്തിന് രണ്ടുലക്ഷവും പട്ടികവർഗ്ഗക്കാർക്ക് മൂന്നുലക്ഷവും രൂപവീതമാണ് ഭവന നിർമാണത്തിന് സർക്കാരിൽ നിന്നു ലഭിക്കുക. പ്രധാന റോഡിൽനിന്നും മൂന്നും നാലും കിലോമീറ്റർ മലമുകളിലുള്ള കർഷകർക്കും ആദിവാസികൾക്കും വീടിനുള്ള കല്ലുംമണലും അസംസ്കൃത വസ്തുക്കളും സ്ഥലത്ത് എത്തിക്കുന്നതിനുതന്നെ ഈ തുക മതിയാകില്ലെന്നതാണ് വാസ്തവം.
ഇക്കാരണത്താലാണ് ഭവന നിർമാണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ജനപ്രതിനിധികൾതന്നെ സമ്മതിക്കുന്നുണ്ട്.വീടില്ലാതെ ദുരിതം അനുഭവിക്കുന്നവർക്ക് വീട് അനുവദിച്ചുനൽകാൻ അടിയന്തിരനടപടികളുണ്ടാകണമെന്നും ദൂരപരിധികൾ കണക്കിലെടുത്ത് ഭവന നിർമാണത്തിനുള്ള തുക വർധിപ്പിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.