കടമ്പൂർ: രാജ്യത്ത് വളരുന്നത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് ചെറുകഥാകൃത്ത് ടി. പദ്മനാഭന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുമെന്ന് പ്രഖ്യാപിക്കുന്നിടത്തോളം വളര്‍ന്നിരിക്കുകയാണ് അസഹിഷ്ണുത.
പിണറായി വിജയന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവെന്നതിനപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെവിടെയും പോകാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാനിറങ്ങിയവര്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷികവും പുതുതായി നിര്‍മച്ച മെഗാ ഹൈടെക് ഓപ്പണ്‍ സ്റ്റേജും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ പറയുന്നതു മാത്രം ശരി മറ്റുള്ളവരൊന്നും ശരിയല്ലെന്നു കരുതുന്നതും അസഹിഷ്ണുതയാണ്. അയല്‍വാസിയുടെ അടുക്കളയില്‍ എന്താണ് വേവുന്നതെന്ന് എത്തിനോക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. അയല്‍ക്കാരനായ മുഖ്യമന്ത്രിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചവര്‍ വിദ്വേഷം വളര്‍ത്താനാണ് ശ്രമിച്ചതെന്നും പദ്മനാഭൻ പറഞ്ഞു.
ലോകഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് ഏറെ മഹത്തരമാണെങ്കിലും മലയാളത്തെമറക്കരുതെന്നും ടി.പദ്മനാഭന് ഓര്‍മിപ്പിച്ചു. കുഞ്ഞിരാമന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാലനടന് ഇല്‍ഹാൻ, കടമ്പൂര് പഞ്ചായത്തംഗം കെ.വി.സോന, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എം.സ്മിത, മാനേജര്‍ മുരളീധരൻ. രോഷ്നി രമേഷ്, പി.ദീപ, സജീവന് വെങ്ങിലാട്ട് എന്നിവര്‍ പ്രസംഗിച്ചു.