ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. മെഡലുകള്‍ അകന്നുനിന്ന രണ്ടു ദിവസത്തിനുശേഷം 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ മിക്സഡ് ടീം ഇനത്തില്‍ ജിതു റായി-ഹീന സിദ്ധു സ്വര്‍ണം നേടി. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ അങ്കൂര്‍ മിത്തല്‍ വെള്ളി നേടി.
2020 ടോക്കിയോ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ മിക്സഡ് ഇനം ഉള്‍പ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ലോകകപ്പില്‍ മിക്സഡ് ഇനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. റായി-ഹീന സഖ്യം സ്വര്‍ണം നേടിയപ്പോള്‍ ജപ്പാനും സ്ലോവേനിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ ശക്തമായ പോരാടിയശേഷമാണ് അങ്കൂര്‍ ഓസ്ട്രേലിയയുടെ ജയിംസ് വില്ലെയ്ക്കു മുന്നിൽ സ്വര്‍ണമെഡല്‍ അടിയറവച്ചത്. ഫൈനല്‍ റൗണ്ടില്‍ മിത്തലിന് 74 പോയിന്റും വില്ലെയ്ക്കു 75 പോയിന്റുമായിരുന്നു. 75 പോയിന്റ് നേടിയ ഓസ്ട്രേലിയന്‍ ഷൂട്ടര്‍ പുതിയ ലോകറിക്കാര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.