എടത്വ: സ്നേഹിക്കാൻ മാത്രം അറിയാവുന്ന സഹപാഠിയുടെ വേർപാട് താങ്ങാനാവാതെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ. രാമങ്കരി സഹൃദയാ സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ തങ്ങളുടെ കൊച്ചനുജന്റെ വേർപാടിൽ ദുഖം സഹിക്കാനാവാതെ കണ്ണീരണിഞ്ഞപ്പോൾ ഇത് കണ്ട് നിന്ന നൂറ് കണക്കിന് ദേശനിവാസികളുടെ കാഴ്ച അൽപ നിമിഷം മറച്ചെങ്കിലും അവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച എടത്വ മരിയാപുരം ചേന്ദംകര റോയി ചെറിയാന്റെ മകൻ ഇമ്മാനുവേൽ റോയി ചെറിയാൻ (മനു-15) ന്റെ മൃതദേഹം സംസ്കാരത്തിനായി ഭവനത്തിൽ എത്തിച്ചപ്പോഴാണ് കൂട്ടുകാരുടെ വേദന സങ്കട കടലായത്. ജന്മദിനത്തിന്റെ ഭാഗമായി കൂട്ടുകാരോടൊത്ത് കേക്ക് മുറിച്ച കുഞ്ഞനുജൻ എന്നന്നേക്കുമായി അവരിൽ നിന്ന് വിട്ട് പോയത് അവർക്ക് താങ്ങാനാവുമായിരുന്നില്ല.
വാക്കുകളും ഭാഷയുമില്ലാതെയുള്ള അവരുടെ വേദന നാട്ടുകാരെയും സങ്കടകടലിലാഴ്ത്തി. ജന്മദിനം ഞായറാഴ്ച ആഘോഷിക്കാനിരിക്കേ അവധി ആയതിനാൽ രണ്ട് ദിവസം മുന്പ് മനു കൂട്ടുകാരുമായി ജന്മദിനം സ്കൂളിൽ ആഘോഷിച്ചിരുന്നു. മാതാപിതാക്കളോടൊപ്പം കുവൈറ്റിലായിരുന്ന ഇമ്മാനുവേലിനെ സ്പെഷ്യൽ സ്കൂളിൽ പഠിപ്പിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് റോയി ചെറിയാൻ മൂന്ന് വർഷമായി നാട്ടിൽ തങ്ങുകയായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മനുവിന്റെ മൃതദേഹം എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിൽ ഇന്നലെ സംസ്കരിച്ചു.