പെരിങ്ങോട്ടുകര: സഹോദരവീഥി വെണ്ടരയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ ആക്രമിച്ച് പരിക്കേല്പ്പിച്ച് സ്വർണം കവർന്നു. ചെറുത്തുനിന്ന ദമ്പതികളെ മോഷ്ടാക്കൾ തല്ലി. പരിസരത്തെ വീടുകളിലും മോഷണശ്രമം. ചുള്ളിയിൽ മുരളി (48), ഭാര്യ സിന്ധു (36) എന്നിവർക്കാണ് മോഷ്ടാക്കളുടെ ആക്രമത്തിൽ പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിന്ധുവിന്റെ നാലര പവൻ മാലയിൽനിന്ന് പകുതി ഭാഗം മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മുൻ പഞ്ചായത്തംഗം ചിറ്റാപറമ്പിൽ രാജന്റെ വീട്ടിൽ ഉൾപ്പെടെ മൂന്നു വീടുകളിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞാണിയിലെ ഓട്ടോഡ്രൈവറായ മുരളിയും ഭാര്യ സിന്ധുവും വീടിന്റെ ഹാളിലും വിദ്യാർഥികളായ മക്കൾ മുറിയിലും ഉറങ്ങുകയായിരുന്നു.
രണ്ടംഗ മോഷണസംഘത്തിലെ ഒരാൾ പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ പൊളിച്ച് അകത്തുകടന്ന് സിന്ധുവിന്റെ സ്വർണമാല പൊട്ടിച്ചു. ഈ സമയം ഭർത്താവ് മുരളി ഉറക്കത്തിനിടെ തങ്ങളെ കണ്ടാണ് ഉണർന്നതെന്നു കരുതി മോഷ്ടാവ് കൈയിൽ കരുതിയിരുന്ന മരവടികൊണ്ട് മുരളിയേയും ഭാര്യയേയും തല്ലുകയായിരുന്നു.
പുറത്തു കാത്തുനിന്നിരുന്ന മറ്റൊരു മോഷ്ടാവ് ദമ്പതികളുടെ മുഖത്തേക്ക് ടോർച്ചടിച്ച് ടൈൽ കഷണങ്ങൾ എറിഞ്ഞു. മാലയുടെ പകുതിയും കൊണ്ട് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ അടിയേറ്റ് മുരളിയുടെ കണ്ണിനു താഴെയും തുടയിലും കാലിലും പരിക്കേറ്റു. സിന്ധുവിന്റെ കഴുത്തിനു പരിക്കേറ്റു. പല്ലിളകി. ഇരുവരെയും അന്തിക്കാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്കി.
ചിറ്റാപറമ്പിൽ രാജന്റെ വീടിന്റെ അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തൃശൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞ് ചേർപ്പ് സിഐ മനോജ്കുമാർ, അന്തിക്കാട് എസ്ഐ എസ്.ആർ.സനീഷ്, അഡീഷണൽ എസ്ഐ ടി.ഒ.ദേവസി, സ്പെഷൽ ബ്രാഞ്ച് ഓഫീസർ ഷാജി എന്നിവർ സ്ഥലത്തെത്തിയിരുന്നു.