സ്വന്തംലേഖകൻ
തൃശൂർ: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി നിയമസഭയിൽ പ്രസ്താവിച്ചതോടെ സിപിഐ-സിപിഎം തർക്കത്തിന് വീണ്ടും “മണി’ മുഴങ്ങി. ലോ കോളജ് സമരത്തെ തുടർന്നുണ്ടായ പരസ്പര കൊമ്പുകോർക്കൽ ഏതാണ്ട് അവസാനിച്ചതോടെയാണ് പുതിയ വിഷയത്തിൽ ഏറ്റുമുട്ടാൻ മന്ത്രി മണി വഴിമരുന്നിട്ടിരിക്കുന്നത്. അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. എൻ. ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയെന്ന് എഴുതിത്തയാറാക്കിയ മറുപടി മന്ത്രി സഭയിൽ വായിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോർഡ് തയാറാക്കിയിരിക്കുന്നത്.
മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ഉടൻ തന്നെ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് രംഗത്തെത്തി കഴിഞ്ഞു. സിപിഐ നേതാക്കളുടെ നിലപാടും ഇതു തന്നെയാണ്. പദ്ധതി നടപ്പാക്കാൻ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാറും നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
സിപിഐയുടെ എതിർപ്പ് അവഗണിച്ചാണിപ്പോൾ സിപിഎം പദ്ധതിയുമായി മുന്നോട്ടു പോകാൻ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്കെതിരെ കോണ്ഗ്രസ് പാർട്ടിയും രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിരപ്പിള്ളിയിലെത്തി ആദിവാസി വിഭാഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം തൃശൂരെത്തിയ രമേശ് ചെന്നിത്തല ഏറ്റെടുത്ത ആദ്യ സമരമായിരുന്നു അതിരപ്പള്ളി പദ്ധതി വിരുദ്ധ സമരം.ഇടതു സർക്കാരിനെതിരെ അതിരപ്പിള്ളി പദ്ധതിയുടെ പേരിൽ സിപിഐയും കോണ്ഗ്രസും വീണ്ട ും ഒന്നിച്ചുള്ള സമര മുന്നേറ്റത്തിനാകും ഇനി സാക്ഷ്യം വഹിക്കുക.
കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെ പാടെ തകർക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ ആരേയും അനുവദിക്കില്ലെന്നാണ് എഐവൈഎഫ് നിലപാട്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ ആരെങ്കിലും പരിശ്രമിച്ചാൽ എഐവൈഎഫ് പ്രവർത്തകർ തങ്ങളുടെ ജീവൻപോലും കൊടുത്ത് പദ്ധതിക്കെതിരെ നിലകൊള്ളുമെന്നും പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധത്തിന്റെ മുൻനിരയിൽ ഉണ്ടാകുമെന്നും നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിട്ടുണ്ട ്. സിപിഐയും ഇതേ നിലപാടിൽ നിന്ന് മാറ്റം വരുത്തിയിട്ടില്ല.
എന്നാൽ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉറച്ചു തന്നെയാണ് സിപിഎമ്മെന്നാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റ സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. മന്ത്രിയുടെ നിലപാട് എൽഡിഎഫ് നിലപാടല്ല എന്നുപറഞ്ഞ് സിപിഐ അടക്കം ഇതിനെതിരെ അന്ന് രംഗത്ത് വന്നതോടെ തൽക്കാലം സിപിഎമ്മും മൗനം പാലിക്കുകയായിരുന്നു.
എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സിപിഎം നിലപാടിന്റെ വ്യക്തമായ സൂചനയാണ് സ്ഥലമേറ്റെടുപ്പും ആരംഭിച്ചതായി വൈദ്യുതി മന്ത്രി നിയമസഭയിൽ അറിയിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരുമറിയാതെ തുടങ്ങിയെന്ന് വ്യക്തം. സിപിഐയ്ക്കു പോലും ഒന്നും ചെയ്യാൻ സാധിക്കാത്ത രീതിയിൽ പഴുതടച്ച സമീപനമാണ് ഇനിയുണ്ട ാകുകയെന്ന സൂചനയാണ് ഇതിലൂടെ സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് സിപിഎമ്മും വാശി പിടിക്കുന്നതോടെ വരും കാലങ്ങളിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുമെന്നതിൽ സംശയമില്ല.