സിറിയന്‍ അഭയാര്‍ത്ഥി അനസ് മൊദമനി എന്ന 19കാരന് ഇനി എന്തു ചെയ്യണമെന്നറിയില്ല. ഒരു സെല്‍ഫിയുടെ പേരില്‍ നിരപരാധിയായ അനസിനെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തീവ്രവാദിയാക്കിയിരിക്കുകയാണ്. ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ കൂടെ നില്ക്കുന്ന യുവാവിന്റെ സെല്‍ഫിയോടൊപ്പം ‘മെര്‍ക്കല്‍ തീവ്രവാദിയോടൊപ്പം സെല്‍ഫിയെടുത്തു’ എന്ന പേരിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ മെര്‍ക്കല്‍ ബെര്‍ലിനിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച അവസരത്തില്‍ യുവാവ് പകര്‍ത്തിയ സെല്‍ഫിയാണ് ഇത്. സെല്‍ഫി ഇപ്പോള്‍ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് യുവാവ് പറയുന്നത്. 2016 മാര്‍ച്ചിലാണ് ഇതു സംബന്ധിച്ച ആദ്യ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതെന്ന് അനസ് പറഞ്ഞു. ബ്രൂസെല്‍സ് ബോംബിംങ്ങ് സൂത്രധാരകരില്‍ ഒരാളായ നജീം ലാച്റോയിയുടേത് എന്ന രീതിയിലായിരുന്നു ഫോട്ടോയുടെ പ്രചരണം. പിന്നീട് ബെര്‍ലിന്‍ ക്രിസ്തുമസ് മാര്‍ക്കറ്റ് ആക്രമണവുമായി ബന്ധപ്പെട്ടും ബെര്‍ലിനില്‍ വഴിയരികില്‍ ഉറങ്ങിയിരുന്ന വ്യക്തിയെ തീവെച്ച് ഉപദ്രവിച്ചെന്ന വിധത്തിലും ഈ സെല്‍ഫി ഉപയോഗിച്ച് പ്രചരണങ്ങള്‍ വന്നു.
ചിത്രത്തോടൊപ്പമുള്ള വ്യാജ പ്രചരണം കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. സിറിയയിലെ യുദ്ധത്തില്‍ നിന്നും രക്തച്ചൊരിച്ചിലില്‍ നിന്നും സുരക്ഷ തേടിയാണ് ഇവിടേക്ക് വന്നത്. ജര്‍മനിയില്‍ സമാധാനത്തോടെയുള്ള ജീവിതം മാത്രമാണ് ആഗ്രഹിച്ചത്. എന്നാല്‍ ആളുകള്‍ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുവാന്‍ തന്നെ ഭയം തോന്നുന്നു. ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല, ഈ കാലത്തിന്റെ പ്രശ്നമാണ്. അനസ് പറയുന്നു. ബെര്‍ലിനിലെ ഒരു ഫാസ്റ്റ് ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അനസ് മറ്റു സമയങ്ങളില്‍ ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്നുമുണ്ട്. സെല്‍ഫി ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും തീവ്രവാദവുമായി ബന്ധം ചേര്‍ക്കപ്പെട്ട തനിക്ക് ഇനി സമാധാനപൂര്‍ണമായ ഒരു ജീവിതം നയിക്കാനാവുമോ എന്ന ആശങ്കയിലാണ് യുവാവ്.