തലയോടു തകർത്തു ആണി കയറിയിട്ടും ജീവൻ തിരികെ ലഭിച്ചതിനു ഈശ്വരനോടു നന്ദി പറയുകയാണ് ഷാവോ എന്ന ചൈനക്കാരൻ. ഗുവാംഗ്ഷി ഷുവാംഗ് മേഖലയിലെ നാനിംഗിലുള്ള പൂൾ ഹാളിൽ വാക്കുതർക്കത്തെ തുടർന്നാണ് അമ്പതുകാരനായ അക്രമി ഷാവോയുടെ തലയിലേക്ക് നെയിൽ ഗണ്‍ ഉപയോഗിച്ച് ആണി തറച്ചുകയറ്റിയത്.
തലയിൽ ആണി തറച്ചയുടനേ ഇയാളുടെ ബോധം പോയി. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്നു ഷാവോയെ ആശുപത്രിയിൽ എത്തിച്ചു. ആറ് ഇഞ്ചുനീളമുള്ള ആണിയാണ് ഷാവോയുടെ തലയിൽ തറച്ചുകയറിയത്. തലയുടെ എക്സ്റേ എടുത്തപ്പോഴാണ് ആണി തലച്ചോറിനുള്ളിലാണ് തറഞ്ഞതെന്നു മനസിലായത്.
ഉടൻ തന്നെ ഷാവോയെ ശസ്ത്രക്രിയയക്കു വിധേയനാക്കി. തലച്ചോറിനു കേടുപാടുകൾ ഒന്നും കൂടാതെ ആണി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് എട്ടു മണിക്കൂറുകൾ വേണ്ടി വന്നു. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ഷാവോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.