ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ തുടരുന്നു എന്നതാണ് സിഎസ്ഒ പുറത്തുവിട്ട കണക്കിന്റെ ഫലം. ചൈനയുടെ മേൽ നമുക്കൊരു വിജയം. നോട്ട് റദ്ദാക്കൽ പ്രശ്നമായില്ലേ എന്ന ചോദ്യത്തിന് ചീഫ് സ്റ്റാറ്റിസ്റ്റീഷൻ ടി.സി.എ.അനന്ത് നൽകിയ ഉത്തരം പല അർഥങ്ങൾ ഉള്ളതാണ്.
“നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതം കണക്കിൽ ഉൾപ്പെട്ടിട്ടില്ലേ എന്ന ചോദ്യം എനിക്കു മനസിലായില്ല. മൂന്നാം ത്രൈമാസത്തിലെ കണക്ക് കാണിക്കുന്നതേ ഞാൻ പറഞ്ഞുള്ളൂ. ഭാവിയിൽ കൂടുതൽ കണക്കുകൾ പുറത്തുവരാം. പക്ഷേ ഇപ്പോൾ ഇതേ ഉള്ളൂ. നിങ്ങൾക്ക് ഇഷ്ടംപോലെ വ്യാഖ്യാനിക്കാം.’’ജനങ്ങളുടെ പണം ചെലവഴിക്കൽ മൂന്നാം ത്രൈമാസ(ഒക്ടോബർ-ഡിസംബർ)ത്തിൽ കുറഞ്ഞില്ല എന്ന് സിഎസ്ഒ പറയുന്നു.
അവിടെ നിൽക്കുന്നില്ല. ചെലവഴിക്കൽ 10.1 ശതമാനം കൂടിയത്രേ. പ്രൈവറ്റ് ഫൈനൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിഎഫ്സിഇ) ഇത്രകണ്ടു കൂടിയെങ്കിലും ആ ത്രൈമാസത്തിൽ പ്രമുഖ കന്പനികളുടെ വിറ്റുവരവു കുറയുകയായിരുന്നു. മഹീന്ദ്ര, ബജാജ് തുടങ്ങി ഹിന്ദുസ്ഥാൻ യൂണിലിവർ വരെയുള്ള കമ്പനികൾക്കു വിറ്റുവരവു കുറഞ്ഞു. പക്ഷേ തലേവർഷം ഇതേ കാലയളവിലേക്കാൾ ജനം 10 ശതമാനം അധികം ചെലവു ചെയ്തെന്നു സിഎസ്ഒ കണ്ടെത്തി.
ചീഫ് സ്റ്റാറ്റിസ്റ്റീഷൻ പറഞ്ഞത്, വ്യവസായ ഉത്പാദനത്തിന്റെ വിശദ കണക്ക് അടുത്ത ജനുവരിയിലും പൂർണ കണക്ക് 2019 ജനുവരിയിലുമേ കിട്ടൂ എന്നാണ്. അപ്പോഴേ ശരിയായ ജിഡിപി കണക്ക് ഉണ്ടാകൂ എന്നു വ്യംഗ്യം. ഇപ്പോഴത്തേത് ആരെയോ സന്തോഷിപ്പിക്കാനുള്ള ഊഹക്കണക്കാണെന്ന ധ്വനി അതിൽ ഉണ്ടോ?
ഏതായാലും സിഎസ്ഒ കണക്ക് പുറത്തുവിട്ട് മിനിറ്റുകൾക്കകം സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അതിൽ സന്തോഷം പ്രകടിപ്പിച്ചു മാധ്യമങ്ങളെ കണ്ടു. കറൻസി റദ്ദാക്കലിനു യാതൊരു ദോഷഫലവും ഇല്ലെന്നതിനു തെളിവായി ദാസ് ഈ കണക്കിനെ വിശേഷിപ്പിച്ചു. റിസർവ് ബാങ്കിനെ കറൻസി റദ്ദാക്കൽ വിഷയത്തിൽ മറികടന്ന ശക്തികാന്ത ദാസ് സിഎസ്ഒയുടെമേലും അങ്ങനെയൊരു സമീപനം എടുക്കുകയായിരുന്നോ?
ഇതോടൊപ്പം വേറൊന്നും സംഭവിച്ചു. 2015-16 ന്റെ തുടക്കം മുതലുള്ള വളർച്ചാകണക്കുകൾ മിക്കതും പുതുക്കി. പുതുക്കിയപ്പോൾ ഒന്നൊഴികെ എല്ലാം മുകളിലേക്കു കയറി. അതനുസരിച്ച് 2014-15 ൽ ഏഴരയും 2015-16 ൽ എട്ടുശതമാനവുമാണ് ജിഡിപി വളർച്ച.
പക്ഷേ, ഇത്ര ഉയർന്ന ജിഡിപി വളർച്ചയ്ക്കുവേണ്ട നികുതി വളർച്ചയോ തൊഴിൽ വളർച്ചയോ രാജ്യത്ത് കാണുന്നില്ല. മുൻപ് എട്ടുശതമാനം ഉണ്ടായിരുന്നപ്പോൾ സാദാ കോളജുകളിൽപോലും കാന്പസ് റിക്രൂട്ട്മെന്റ് വ്യാപകമായിരുന്നു. ഇപ്പോൾ അതില്ല. അപ്പോൾ വളർച്ച എവിടെയാണ്? കണക്കുകൾ വിശ്വസനീയതയുടെ ഭ്രമണപഥം കടന്നുപോകുകയാണോ?
റ്റി.സി.മാത്യു