കൊച്ചി: നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ സാംസങ് മൊബൈൽ ഫോണ് കണ്ടെത്തുന്നതിനായി കായലിൽ പോലീസ് പരിശോധന നടത്തി. ഗോശ്രീ പാലത്തിൽനിന്നു ഫോണ് കൊച്ചി കായലിലേക്ക് എറിഞ്ഞുവെന്ന മുഖ്യപ്രതി പൾസർസുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേവിയുടെ അഞ്ച് മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം ഏറെനേരം കായലിൽ പരിശോധന നടത്തിയെങ്കിലും ഫോണ് കണ്ടെത്താനായില്ല. ആഴവും ഒഴുക്കും കൂടുതലുള്ള ഭാഗത്താണ് ഫോണ് കളഞ്ഞതെന്നാണ് സുനി പറയുന്നത്. സുനിക്കു പുറമേ മറ്റൊരു പ്രതി വിജീഷിനെയും പരിശോധനാവേളയിൽ സ്ഥലത്ത് എത്തിച്ചിരുന്നു.
സുനി മൊബൈൽ ഫോണ് കൈമാറിയതുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അമ്പലപ്പുഴ സ്വദേശിയായ മനുവിന്റെ വീട്ടിലെത്തി പോലീസ് തെളിവെടുത്തു. ഇവിടെനിന്നു മൊബൈൽ ഫോണിന്റെ മെമ്മറി കാർഡും സിം കാർഡും കണ്ടെടുത്തു. ഇത് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിലെയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിനുശേഷം സുനി മനുവിന്റെ വീട്ടിൽ വന്നിരുന്നു. മനുവിന്റെ കുടുംബാംഗങ്ങൾ സുനിയെ തിരിച്ചറിഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം രാവിലെ ഏഴിനാണ് സുനി മനുവിന്റെ വീട്ടിലെത്തിയതെന്ന് മനുവിന്റെ സഹോദരിയും അമ്മയും പോലീസിനെ അറിയിച്ചു. മനുവും സുനിയും രഹസ്യ സംഭാഷണം നടത്തിയ പുന്നപ്ര ബീച്ചിലും പരിശോധന നടത്തി. അമ്പലപ്പുഴയിൽനിന്നു സുനി കായംകുളത്തേക്കു പോയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തും. മനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
പൾസർ സുനി, വിജീഷ് എന്നിവർക്കു പുറമേ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ ലഭിച്ച മറ്റു പ്രതികളായ മാർട്ടിൻ, പ്രദീപ്, വടിവാൾസലിം, മണികണ്ഠൻ എന്നിവരെയും ഒറ്റയ്ക്കും ഒരുമിച്ചും ചോദ്യം ചെയ്തുവരികയാണ്. പ്രതികളിൽ പലരും പലഘട്ടങ്ങളിലായി സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാലാണ് ഈവിധം ചോദ്യം ചെയ്യുന്നത്.
സംഭവത്തിൽ കൂടുതൽ പങ്കുള്ളത് പൾസർ സുനിക്കും മാർട്ടിനുമാണെന്നാണ് അറിയുന്നത്. മറ്റുള്ളവർ നടിയെ ഭയപ്പെടുത്തുന്നതിനും മറ്റുമായി കൂടെയുണ്ടായിരുന്നവരാണെന്നു കരുതുന്നു. സംഭവശേഷം പൾസർ സുനിയും വിജീഷും മണികണ്ഠനും ആലപ്പുഴയിൽ പോയി. തുടർന്ന് കോയമ്പത്തൂരിലേക്കും കടന്നു.
ഇവിടെ വച്ച് മദ്യപിക്കുന്നതിനിടെ ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പിരിഞ്ഞു തിരികെപോരുമ്പോഴാണ് മണികണ്ഠനെ പാലക്കാട്ടുവച്ച് പോലീസ് പിടികൂടുന്നത്. മണികണ്ഠനിൽനിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
അറസ്റ്റിലായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിനിടെ പൾസർ സുനിക്കും വിജീഷിനും കോയമ്പത്തൂരിൽ ഒളിച്ചു താമസിക്കുന്നതിന് സൗകര്യമൊരുക്കിക്കൊടുത്ത കണ്ണൂർ സ്വദേശി ചാർളി തോമസിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഈമാസം അഞ്ച് വരെയാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണു ചാർളി തോമസിനെ കോടതിയിൽ ഹാജരാക്കിയത്.