പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാനിറങ്ങിയപ്പോള്‍ മുതല്‍ സംവിധായകന് കമലിനു നേരിടേണ്ടി വന്ന പ്രതിബന്ധങ്ങള്‍ ഏറെയാണ്. കമലിന്റെ ആമിയ്ക്ക് ബദല്‍ സിനിമയൊരുങ്ങുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയായ ലീനാ മണിമേഖലയാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ലീന ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ കമലിന്റെ സിനിമയ്ക്ക് ബദല്‍ ഒരുക്കാനിടയായ സാഹചര്യത്തിലേക്കു നയിച്ച സംഭവങ്ങള്‍ തുടങ്ങുന്നത് മൂന്നുവര്‍ഷം മുമ്പാണ്.’ ഒരു ദിവസം കമല്‍ തന്നെ വിളിച്ചെന്നു ലീനാ പറയുന്നു. തന്നെക്കാണാന്‍ കമലാദാസിനേപ്പോലെയുണ്ടെന്നും കമലയുടെ ജീവിതം പ്രമേയമാക്കുന്ന സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമോയെന്നും അന്നു കമല്‍ ചോദിച്ചതായി ലീനാ പറയുന്നു.
‘ലവ് ക്വീന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകം വായിച്ച ശേഷം സുഹൃത്ത് രവിയുമായി ചേര്‍ന്ന് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും ഇംഗ്ലീഷില്‍ ആ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അന്ന് ലീനാ കമലിനോട് പറഞ്ഞു. ആ സ്ക്രിപ്റ്റിന്റെ കോപ്പി കമലിന് അയച്ചു കൊടുക്കുകയും ചെയ്തു. വളരെ തീവ്ര സ്വഭാവമുള്ള എഴുത്താണെന്നും മലയാള പ്രേക്ഷകര്‍ക്ക് യോജിക്കുന്ന രീതിയില്‍ ചെയ്യണമെന്നും കമലിനോട് പറഞ്ഞതായി അവര്‍ പറയുന്നു. കമലിന്റെ കൈയ്യിലുണ്ടായിരുന്ന സ്ക്രിപ്റ്റ് തനിക്ക് അയച്ചു തന്നെന്നും മലയാളം പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നും ലീനാ മണിമേഖല പറഞ്ഞു.
കുറച്ചുമാസങ്ങള്‍ക്കു ശേഷം വിളിച്ച കമല്‍ സിനിമാ ആരംഭിക്കുകയാണെന്നും ആമിയാകാന്‍ വിദ്യാബാലന് തയ്യാറായിട്ടുണ്ടെന്നു പറഞ്ഞതായും ലീന പറഞ്ഞു. ലീനയുടെ സ്ക്രിപ്റ്റ് ഒരുമിച്ചു ചെയ്യാമെന്നും കമല്‍ പറഞ്ഞു. പിന്നെക്കാണുന്നത് ഐഎഫ്എഫ്കെയില് വച്ചാണ്. ഹിന്ദുത്വവാദ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിദ്യ പിന്മാറി എന്ന് കമല്‍ പറഞ്ഞു. പിന്നീട് മഞ്ജുവാര്യര്‍ നായികയാവുമെന്നു കേട്ടതായും ലീന പറയുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവും എന്നേപോലെ ഒരു കവയത്രിയുടെ സ്വത്വത്തിന് മാര്‍ക്കറ്റില്‍ വലിയ പിന്തുണയില്ലെന്നറിയാം എന്നാല്‍ എനിക്ക് എന്റെ നിലപാടുകളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് എന്താണ് ഞാന്‍ ആലോചിച്ചത് അതുപോലെ തന്നെ കമലയുടെ ജീവിതം സിനിമയാക്കുമെന്നും ലീനാ മണിമേഖല തറപ്പിച്ചു പറയുന്നു.