കൊച്ചി; നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും(സുനില്‍ കുമാര്‍) പെണ്‍വാണിഭക്കേസില്‍ ദുബായ് പോലീസ് അന്വേഷിച്ചിരുന്ന ‘ സുനില്‍ നരേന്ദ്ര’നും ഒരാളെന്ന് സൂചന. 2013-14 കാലയളവില്‍ വ്യാജ പാസ്പോര്ട്ടില് പലതവണ ഇയാള്‍ ദുബായില്‍ എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ലിസി സോജന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവര്‍മാരുടെ മൊഴികളിലും സുനില്‍ സുരേന്ദ്രന് എന്നു പരാമര്‍ശിക്കപ്പെടുന്നുണ്ട്.
സിനിമയില്‍ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്കു കടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു സുനില്‍ സുരേന്ദ്രന്. ഇതേ ലക്ഷ്യത്തോടെയാണ് ഇയാള്‍ സിനിമാക്കാരുമായി അടുത്ത ബന്ധമുണ്ടാക്കിയത്. ഇതൊക്കെയാണ് സുനില്‍ സുരേന്ദ്രനും പള്‍സര്‍ സുനിയും ഒന്നാണെന്ന സംശയത്തിനു പിന്നില്‍.
ദുബായിലേക്ക് സ്ത്രീകളെ കടത്തുന്നതിനു നേതൃത്വം നല്കിയ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ. വി സുരേഷിന്റെ കൂട്ടാളിയായിരുന്നു സുനില്‍. സംഭവം വെളിയിലറിഞ്ഞതോടെ ഇയാള്‍ ദുബായില്‍ നിന്നു മുങ്ങി. നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലെല്ലാം തിരച്ചില്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് മൂന്നു പേരുകളില്‍ പാസ്പോര്‍ട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.