കണ്ണൂർ: സർക്കാർ തലത്തിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമദിനാഘോഷത്തിൽ പി.കെ. ശ്രീമതി എംപി നടത്തിയ രാഷ്ട്രീയപ്രസംഗം വിവാദമാകുന്നു. വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ടതിനെ തുടർന്നു ജില്ലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ നിരപരാധികളാണെന്നും ഭരണകൂടത്തിന്റെ തെറ്റായ സമീപനം കൊണ്ടാണ് ഇരുവർക്കും നാടുവിട്ട് പോകേണ്ടിവന്നതെന്നും നാലഞ്ചു വർഷമായി അവർ എറണാകുളത്തു കഴിയുകയാണെന്നുമായിരുന്നു ശ്രീമതിയുടെ പ്രസംഗം.
വക്കീലൻമാരുടെ നാവിന്റെ ശക്തി പോലാണ് ഒരാൾ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു പരിഗണിക്കപ്പെടുന്നതെന്നും ശ്രീമതി അഭിപ്രായപ്പെട്ടു. ജയിൽക്ഷേമ ദിനാഘോഷം കണ്ണൂർ സ്പെഷൽ സബ്ജയിലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ജയിലിൽ കഴിയുന്നവർക്ക് സന്തോഷമാണോ സങ്കടമാണോ എന്നകാര്യം അധികൃതർ ചിന്തിക്കണം.
ഏതു ഭീകര കുറ്റവാളികൾക്കുപോലും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാനുണ്ടെന്നു പറഞ്ഞു വാദിക്കുന്ന വക്കീലൻമാരുണ്ട്. ഇത്തരക്കാർക്കു പണം മാത്രം കിട്ടിയാൽ മതി. 16 കാരിയെ മാനഭംഗപ്പെടുത്തിയാൽ പോലും പ്രതികൾക്കുവേണ്ടി കേസെടുക്കാൻ വക്കീലന്മാരുണ്ട്.
ജയിലിനകത്ത് ഒരു ആശ്രമം പോലെയുള്ള അന്തരീക്ഷം ഉണ്ടായാൽ മാത്രമേ മാനസികപരിവർത്തനം ഉണ്ടായി നല്ല പൗരന്മാരായി ശിക്ഷ അനുഭവിക്കുന്നവർ പുറത്തുവരികയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.