ആശുപത്രി ആധികൃതരുടെ അശ്രദ്ധകാരണം പ്രസവസമയത്ത് പരസ്പരം മാറിപ്പോയ കുഞ്ഞുങ്ങളെ ആറ് മാസത്തിന് ശേഷം യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. കൊല്ലത്തുള്ള പ്രമുഖ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ ഡി.എന്‍ എ പരിശോധനയിലൂടെയാണ് കുട്ടികളെ മാറിയെന്ന് തെളിഞ്ഞത്.
മയ്യനാട് സ്വദേശി അനീഷിന്റെ ഭാര്യ റംസിയുടയും ഉമയനല്ലൂര്‍ സ്വദേശി നൗഷാദിന്റെ ഭാര്യ ജസീറയുടെയും പ്രസവം കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 22നാണ് നടന്നത്. റംസിയുടെ ബന്ധുക്കള്‍ പച്ച ടൗവലാണ് വാങ്ങിക്കൊടുത്തതെങ്കിലും കുഞ്ഞിനെ പൊതിഞ്ഞുനല്‍കിയത് മഞ്ഞ ടൗവലിലായിരുന്നു. ജസീറയ്ക്ക് നല്കിയ കുഞ്ഞിന്റെ കൈയില്‍ റംസി എന്നെഴുതിയ ടാഗും ഉണ്ടായിരുന്നു. ഇതോടെ കുഞ്ഞുങ്ങളെ മാറിയാണ് നല്‍കിയതെന്ന് സംശയമുണ്ടായി. എന്നാല്‍ ആശുപത്രി അധികൃതര്‍ പരാതി കേള്‍ക്കാന്‍ തയാറായില്ലെന്ന് നൗഷാദ് ആരോപിച്ചു. കുഞ്ഞുങ്ങള്‍ മാറിയോ എന്ന് ചോദിച്ചപ്പോള്‍ ടവല്‍ മാറിപോയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
ജസീറയുടെ കുഞ്ഞിനെ മൂന്ന് മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പിനായി രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ ഒ പോസീറ്റാവാണെന്ന് കണ്ടു. എന്നാല്‍ ഡിസ്ചാര്‍ജ് രേഖകളില്‍ എ പോസീറ്റീവുമായിരുന്നു. ഇതോടെ കുട്ടികള്‍ മാറിയതെന്ന സംശയം ഉറപ്പിച്ചു. വീണ്ടും ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും പരാതില കേള്‍ക്കാന്‍ പോലും തയാറാവാതെ ഇവരെ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞുങ്ങളെ മാറിപോയെന്ന് വ്യക്തമാവുകയായിരുന്നു. ആശുപത്രിയ്ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് അധികൃതര്‍ വാദിക്കുന്നത്. ഇരു കുടുംബങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക വാഗ്ദാനം നല്കി കുട്ടികള്‍ പുറത്തുവച്ചാണ് മാറിയതെന്ന് എഴുതി വാങ്ങാന്‍ ശ്രമം നടന്നതായും പറയപ്പെടുന്നു.