വൈപ്പിൻ: മുൻ ചെത്തു തൊഴിലാളിയായ മാലിപ്പുറം കർത്തേടത്ത് പരുത്തിയേഴത്ത് ബാബു(57) നെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന ആരോപണത്തിൽ ഞാറക്കൽ എക്സൈസ് റേഞ്ച് ഓഫീസിലെ നാല് എക്സൈസ് ഉദ്യോഗസ്ഥൻമാർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളതെന്ന് ഞാറക്കൽ എസ്ഐ ആർ. രഗീഷ് കുമാർ അറിയിച്ചു.
നാലു പേർ ചേർന്നു തന്നെ ബലം പ്രയോഗിച്ച് വിലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ഇതിൽ ഒരാൾ എന്നെ ചവിട്ടുകയും ചെയ്തെന്നാണ് മൊഴി. ഇതു പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേ സമയം പരാതിക്കാരൻ ഐസിയുവിൽ അല്ലെന്നും ഇദ്ദേഹത്തെ ചികിത്സിച്ച മൂന്ന് ആശുപത്രികളിലും എക്സൈസിന്റെ മർദ്ദനത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇടതു കൈയ്യും കാലും തളർന്ന അവസ്ഥയിലാണ് ഇയാൾ. ഇതിനു മുന്പ് രണ്ട് തവണ സ്ട്രോക്ക് വന്നിട്ടുണ്ടത്രേ.
അനധികൃതമായി തെങ്ങിൻ കള്ള് വില്പന നടത്തിയതിനു ഞാറക്കൽ എക്സൈസ് 25നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മകൻ ചെത്തിക്കൊണ്ടു വന്ന കള്ളാണ് വിറ്റിരുന്നത്. പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞാറക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിദഗ്ദചികിത്സക്കായി പിന്നീട് എക്സൈസ്കാർ തന്നെ എറണാകുളം ജനറലാശുപത്രിയിലെത്തിച്ചു.
സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ട് ഉദ്ദരിച്ച് ഡോക്ടർ അറിയിച്ചത്രേ. നേരത്തെ ഉള്ള രോഗമായതിനാൽ ഇതിനു മരുന്നും നൽകി. പിന്നീട് ദേഹാസ്വാസ്ഥ്യം മാറിയപ്പോൾ ഡിസ്ചാർജ്ജ് ചെയ്ത് രാത്രി 11 മണിക്ക് തിരികെ എക്സൈസ് ഓഫീസിലെത്തിച്ച് കേസെടുത്തശേഷം രണ്ടാളുടെ ജാമ്യത്തിൽ വിട്ടയച്ചുവെന്നുമാണ് എക്സൈസുകാർ പറയുന്നത്. സംഭവത്തിനെതിരേ യൂത്ത് കോണ്ഗ്രസ് രംഗത്തിറങ്ങിയിരുന്നു.