പെരുമ്പാവൂർ: കൊലക്കേസിൽ വെറുതെവിട്ട യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ പോലീസ് രക്ഷിക്കാൻ നീക്കമെന്ന് ആരോപണം. സംഭവം നടന്ന് പിറ്റേന്ന് തന്നെ പ്രതികൾ വലയിലുണ്ടെന്ന് പറഞ്ഞപോലീസ് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വേങ്ങൂർ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി കുറുമ്പൻ മകൻ സുനിൽ (40) നെയാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
തലയിൽ നെറ്റിയിലും കാലിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തിലെ ആന്തരീകാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സുനിൽ ഒറ്റക്കായിരുന്നു താമസം. വീടിന് സമീപമുളള പാറയിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തത് അടിപിടിയിൽ കലാശിച്ചു.
ഇതിനിടെയാണ് സുനിലിന് മർദ്ദനം ഏറ്റത്. നാട്ടുകാരായ നാല് പേർക്ക് എതിരേ കുറുപ്പംപടി പോലീസ് കേസ് എടുത്തിരുന്നു. ഇവരുടെ പേരുകൾ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ കേസിൽ നിന്നുംരക്ഷിക്കാൻ വേണ്ടി പോലീസ് നാടകം കളിക്കുകയാണെന്നാണ് ആരോപണം. കേസിന്റെ ഗൗരവം കുറച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരം ഒരുക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
സംഭവദിവസം സുനിൽ മർദ്ദനമേറ്റ് വീട്ടിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും മരണം സംഭവിച്ചു. അതു വഴി വന്ന നാട്ടുകാരാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. 2012 ൽ വീടിന് സമീപത്തുള്ള റബർ എസ്റ്റേററി ലെ സൂപ്പർവൈസർ ആയിരുന്ന ടിനു കൊലചെയ്യപ്പെട്ട കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനിടെ സുനിലിനെ കോടതി വെറുതെ വിട്ടു.