നാദാപുരം: പാർട്ടി നേതാക്കളെ വഴി നടക്കാൻ സമ്മതിക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസംഗം ഇവരുടെ ആഗ്രഹ പ്രകടനമാണെന്നും കേരള ജനത ഇവരെ കളി പഠിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭീഷണി ഉയർത്തി കലാപങ്ങൾ ഉണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് കാണിക്കാൻ അക്രമങ്ങളും പേക്കൂത്തുകളും നടത്താൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.വളയം കുറ്റിക്കാട്ടിൽ ആലക്കൽ കുഞ്ഞിക്കണ്ണൻ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പിന്തിരിപ്പിക്കുന്ന അവസ്ഥയിൽ ആർഎസ്എസ് എത്തി.കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. കേരളത്തിലെ റേഷൻ സംവിധാനം അട്ടിമറിക്കാനും ഭക്ഷ്യ ക്ഷാമം സൃഷ്ടിച്ച് ജനങ്ങളെ സർക്കാറിനെതിരേ തിരിച്ചുവിടാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അരിക്ക് വില കൂടിയത് ഇതിന്റെ ഭാഗമാണ്. ഇതിന് കേരളത്തിൽ യുഡിഎഫിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്.
ജനക്ഷേമകരമായ പദ്ധതികളിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. പിണറായി സർക്കാർ കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിനായി കേരള പോലീസിൽ സർക്കാർ അടുത്തു തന്നെ വനിതാ ബറ്റാലിയൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.മോഹനൻ, കെ.കെ.ലതിക, കെ.പി.കുഞ്ഞമ്മദ് കുട്ടി, പി.പി.ചാത്തു, എം.ദിവാകരൻ, കെ.പി.പ്രദീഷ് എന്നിവർ പ്രസംഗിച്ചു.