മലയാളത്തില്‍ അപൂര്‍വമായേ ഫുട്‌ബോള്‍ കളിയെ സമഗ്രമായി പ്രതിപാദിക്കുന്ന മഹത്തായ രചനകള്‍ രൂപംകൊള്ളാറുള്ളു. ഇന്റര്‍നെറ്റ് യുഗത്തിലേക്ക് മലയാളികളും പിച്ചവച്ചതോടെ സ്‌പോര്‍ട്‌സ് സംബന്ധിയായ പുസ്തകങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഫുട്‌ബോള്‍ ലോകത്തെ പ്രതിഭകളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ‘ഫുട്‌ബോള്‍ ഇതിഹാസങ്ങളും പ്രതിഭകളും’ എന്ന പുസ്തകം വ്യത്യസ്തമാകുന്നതും ഇവിടെയാണ്. കൈസര്‍ ബെക്കന്‍ ബവര്‍ മുതല്‍ റൊണാള്‍ഡോ വരെയുള്ള പ്രതിഭകളെ നാടന്‍ ഭാഷയില്‍ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ ഡോ. അഷ്‌റഫ്.
കളിയെഴുത്തിലൂടെ പ്രശസ്തനായ ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ആറാമത്തെ പുസ്തകമാണ് ഇത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ് പ്രസാധകര്‍. കോഴിക്കോട് സ്വദേശിയായ അദ്ദേഹം ലോകകപ്പ് ഫുട്‌ബോള്‍, ഒളിമ്പിക്‌സ്, വിംബിള്‍ഡണ്‍ ടെന്നീസ്, ഹോക്കി ലോകപ്പ് തുടങ്ങി നിരവധി കായിക ഇനങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പുവിന്റെ ഡയറി, ജസ്സീ ഓവന്‍സ് മുതല്‍ കാള്‍ ലൂയിസ് വരെ, ഒളിമ്പിക്‌സ് കാലങ്ങളിലൂടെ, ഫുട്‌ബോള്‍ കാലങ്ങളിലൂടെ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.