കളിക്കളത്തിന് പുറത്തുള്ള യഥാര്‍ത്ഥ ഇന്ത്യയെങ്ങനെയാണെന്ന് മനസിലാക്കുകയായിരുന്നു, മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായാണ് കളിക്കാരനും കമന്റേറ്ററുമായ ക്ലാര്‍ക്ക്, ഇന്ത്യയിലെത്തിയത്. ഇരുടീമുകളും മത്സരത്തിനുവേണ്ടിയുള്ള കഠിന പരിശ്രമം നടത്തവേ ക്ലാര്‍ക്കും തന്റെ സമയം പ്രയോജനകരമായി ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ റോഡുകളിലേയ്ക്കാണ് ക്ലാര്‍ക്ക് ഇറങ്ങി ചെന്നത്. ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാഴുന്ന ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനം മനസിലാക്കാനായാണ് ക്ലാര്‍ക്ക് കൂടുതല്‍ സമയം ചെലവഴിച്ചത്.
ബംഗളൂരുവിലെ നിരത്തില്‍ ഓട്ടോ ഓടിക്കുന്നതിന്റെ വീഡിയോ അടങ്ങിയ ദൃശ്യങ്ങള്‍ ക്ലാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ കൂടാതെ തന്റെ സന്തോഷം അറിയിച്ചുകൊണ്ടുള്ള ഒരു കമന്റും ക്ലാര്‍ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ടക് ടക് എന്നാണ് ക്ലാര്‍ക്ക് ഓട്ടോയെ വിശേഷിപ്പിച്ചത്. എന്റെ കരയറിന്റെ തുടക്കം ബംഗളൂരുവിലായിരുന്നു എന്നും ഇവിടെ വീണ്ടും എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ക്ലാര്‍ക്ക് സൂചിപ്പിക്കുന്നുണ്ട്. 2004 ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ വിജയത്തിലേയ്ക്ക് എത്തിയത് ക്ലാര്‍ക്ക് നേടിയ സെഞ്ചുറിയിലൂടെയായിരുന്നു. അന്ന് ക്ലാര്‍ക്കായിരുന്നു മാന്‍ ഓഫ് ദ മാച്ചും.