ന്യൂഡൽഹി: രാജ്യത്ത് റിലയൻസ് ജിയോ ഇൻഫോകോം വാരിക്കോരി സൗജന്യം പ്രഖ്യാപിക്കുന്പോൾ സർക്കാരിന് നഷ്ടപ്പെടുന്നതു കോടികൾ. പ്രൊമോഷണൽ ഓഫറുകളുടെ പേരിൽ സൗജന്യനിരക്കുകൾ നല്കുന്പോൾ സർക്കാരിന്റെ വരുമാനത്തെ അതു സാരമായി ബാധിക്കുന്നുണ്ടെന്ന് ടെലികോം സെക്രട്ടറി ജെ.എസ്. ദീപക് വെളിപ്പെടുത്തി.
ജിയോ വാരിക്കോരി ഓഫറുകൾ നല്കുന്നതിലുള്ള അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതുവഴി സർക്കാരിന് 800 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.പ്രൊമോഷണൽ ഓഫറുകൾ 90 ദിവസത്തേക്കു മാത്രമായി പരിമിതപ്പെടുത്താൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായി)ക്ക് ജെ.എസ്. ദീപക് നിർദേശം നല്കിയിട്ടുണ്ട്.
ടെലികോം കമ്പനികളുടെ താരിഫ് നിരക്കുകൾ പുനഃപരിശോധന നടത്തണമെന്ന് ഫെബ്രുവരി 23ന് ട്രായി ചെയർമാൻ ആർ.എസ്. ശർമയ്ക്കയച്ച കത്തിൽ ദീപക് നിർദേശിച്ചിട്ടുണ്ട്. റിലയൻസ് ജിയോ പ്രൊമോഷണൽ ഓഫറുകളുടെ കാലാവധി ദീർഘിപ്പിച്ചതും മറ്റു കമ്പനികൾ പുതിയ ഓഫറുകളുമായി രംഗത്തെത്തിയതും ഈ നിർദേശത്തിനു പിന്നിലുണ്ട്.
2002ലും 2008ലും ട്രായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പ്രൊമോഷണൽ ഓഫറുകൾ 90 ദിവസത്തിനു മുകളിൽ കൂടരുതെന്ന കർശന നിർദേശമുണ്ടായിരുന്നു. ഇതു കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ദീപക് ഉത്തർപ്രദേശുകാരനാണ്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (ഡബ്ല്യുടിഒ) ഇന്ത്യയിലെ അംബാസഡറായി അദ്ദേഹത്തെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഈ വർഷം ജൂൺ മുതലാണ് അദ്ദേഹം ചുമതലയേൽക്കുക.