തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്.
ബജറ്റ് പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പ്രഖ്യാപിക്കാൻ പോകുന്ന പദ്ധതികൾ ഇനി താൻ പറയാമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുൻപിലെത്തി ബഹളംവച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും സഭയെ അറിയിച്ചു. മന്ത്രി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിവരങ്ങൾ ചില ന്യൂസ് ചാനലുകളിൽ വന്നു. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സംഭവം ഗൗരവതരമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.