കുമരകം: വെള്ളത്തിനു നടുവിലാണു ജീവിതമെങ്കിലും കുടിക്കാൻ ഒരു തുള്ളിപോലും ഇല്ലാതെ വലയുകയാണ് ജില്ലയുടെ പടിഞ്ഞാറൻ പഞ്ചായത്തുകൾ. കുമരകം, തിരുവാർപ്പ്, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് ദാഹജലത്തിനായി പരക്കം പായുന്നത്.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ തിരുവാർപ്പ്കുമരകം ശുദ്ധജല പദ്ധതിയിലൂടെ ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നത് ഉപ്പുവെള്ളം.
കനത്ത വരൾച്ചയെ തുടർന്ന് വറ്റിക്കൊണ്ടിരിക്കുന്ന ജലാശയങ്ങളിൽ ഉപ്പുള്ള മലിനജലമാണുള്ളത്. അതിനാൽ എല്ലാ ആവശ്യങ്ങൾക്കും വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.ഇരുപ്പൂ നെൽകൃഷിക്കായി നിർമിച്ച തണ്ണീർമുക്കം ബണ്ടിന്റെ അടിയിലൂടെ യഥേഷ്ടം ഉപ്പുവെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ പുഞ്ചകൃഷി നശിക്കുന്നതിനോടൊപ്പം കുടിവെള്ളവും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഷട്ടറിനടിയിൽ കരിങ്കല്ലുവച്ച് നീരൊഴുക്കുണ്ടാക്കി ചെമ്മീൻ വീശിപ്പിടിക്കുന്നതിനു തടയിടാൻ നടപടികളില്ല.
ഷട്ടർ പൂർണമായി ഇട്ടിട്ടും കുട്ടനാടൻ തോടുകളിൽ നീരൊഴുക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.താഴത്തങ്ങാടി ആറ്റിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം ചെങ്ങളം കുന്നുംപുറത്തുള്ള ശുദ്ധീകരണ പ്ലാന്റിൽ ശുദ്ധീകരിച്ചാണ് കുമരകത്തും തിരുവാർപ്പിലും വിതരണം നടത്തിയിരുന്നത്. താഴത്തങ്ങാടി ആറ്റിൽ ഉപ്പുവെള്ളം എത്തിയതോടെ ഇപ്പോൾ വെള്ളൂപ്പറമ്പിൽ നിന്നാണ് വെള്ളം പമ്പു ചെയ്യുന്നത്. എന്നാൽ വെള്ളൂപ്പറമ്പിൽ നിന്നുള്ള വെള്ളത്തിലും നല്ല ശതമാനം ഉപ്പുരസം ഉണ്ട്.
മുൻ വർഷങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ആറ്റിൽ അഞ്ചിടങ്ങളിൽ ഓരുമുട്ട് ഇട്ടിരുന്നു. എന്നാൽ ഈ വർഷം ഒറ്റ ഓരുമുട്ടുപോലും ഇട്ടിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ മാസം ഓരുമുട്ടുകൾ ഇടണമെന്ന് ഇറിഗേഷൻ വകുപ്പിന് വാട്ടർ അഥോറിറ്റിയിൽ നിന്നും ലെറ്റർ നൽകിയിരുന്നു.
ഓരുമുട്ട് ഇടാൻ ബാധ്യതയുള്ള ഇറിഗേഷൻ വകുപ്പ് ഓരുമുട്ടിടാത്തതാണ് പൈപ്പു വെള്ളം ഉപ്പുള്ളതാകാൻ കാരണമെന്ന് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.വെള്ളം ശുദ്ധീകരിച്ചാലും ഉപ്പുരസം മാറുകയില്ലെന്നാണു വാട്ടർ അഥോറ്റിറ്റി പറയുന്നത്. കുടിക്കാനും മറ്റ് വീട്ടാവശ്യങ്ങൾക്കും വെള്ളം വിലയ്ക്ക് വാങ്ങുകയാണ് ജില്ലയുടെ പടിഞ്ഞാറൻപ്രദേശങ്ങളിലെ ജനങ്ങൾ. 500 ലിറ്റർ വെള്ളത്തിന് 150 രൂപാ മുതൽ 250 രൂപാ വരെയാണ് നിലവിലെ വില.