തൃശൂർ: മദ്യനയമല്ല, സ്ത്രീകൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അരക്ഷിതാവസ്ഥയാണ് കേരളത്തിൽ വിദേശസഞ്ചാരികളുടെ വരവിനെ ഇല്ലാതാക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. യുഡിഎഫ് മദ്യനയമാണ് വിദേശസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കിയതെന്നാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. യുഡിഎഫ് മദ്യനയം പ്രഖ്യാപിച്ച കാലത്തു വിദേശസഞ്ചാരികൾ വർധിച്ചിട്ടേയുള്ളൂ. ഇപ്പോൾ വരാൻ മടിക്കുന്നു എന്നുമാത്രമല്ല, രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്.
സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു നേരിട്ട് നേതൃത്വം നല്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ സ്ത്രീസുരക്ഷാ വീഴ്ചയ്ക്കെതിരേ തൃശൂർ കോർപറേഷൻ പരിസരത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശാപ്പുകാരന്റെ മനോഭാവമാണ് സിപിഎം ബിജെപി നേതാക്കൾക്ക്. കേരളം മനുഷ്യകശാപ്പുശാലയായി മാറുന്ന അതിഭീകരമായ കാഴ്ചയാണ് കാണുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ വന്ധീകരിച്ചിരിക്കുകയാണ്. തെളിവുകൾ ശേഖരിക്കുന്നതിനു പകരം പ്രാഥമിക ഘട്ടത്തിൽ തന്നെ തെളിവുകൾ നശിപ്പിക്കുന്നതിലും പ്രതിഷേധ സമരങ്ങൾക്കു നേതൃത്വം നൽകുന്നവരെ അടിച്ചമർത്തുന്നതിലുമാണ് ഇപ്പോൾ കേരള പോലീസിന്റെ സാമർഥ്യം.
പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലും തെളിവ് നശിപ്പിക്കുന്ന പോലീസിന്റെ സാമർഥ്യം പ്രതിഫലിച്ചെന്നു നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതോടെ വ്യക്തമായി.
ഏതു കുറ്റം ചെയ്താലും ശിക്ഷയില്ലാതെ ഇറങ്ങിപ്പോരാമെന്ന പ്രതീതിയാണ് അധികാരത്തിലേറിയ നാൾ മുതൽ സംസ്ഥാന സർക്കാർ സൃഷ്ടിച്ചത്.രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിൽ പരസ്പരം ഒത്തുതീർപ്പിലാണ് സിപിഎംബിജെപി നേതൃത്വം. അണികളെ രക്തസാക്ഷികളാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കുന്ന ഹീനതന്ത്രമാണ് നേതാക്കൾ പയറ്റുന്നത്.
ബിജെപി നേതാക്കൾ പ്രതികളാകുന്ന കേസുകളിൽ മറ്റെല്ലാ പ്രതികളേയും അറസ്റ്റ് ചെയ്താലും ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകുന്നില്ല. അക്രമത്തിനു പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതാക്കൾ ആരായാലും അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷനായി. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സോണിയ ഗിരി, സുബി ബാബു, ചെന്പൂരി ചക്കിപ്പെണ്ണ്, മേരി നളൻ, ഷാഹിദ റഹ്മാൻ, നിമ്യ ഷിജു തുടങ്ങിയവർ പങ്കെടുത്തു.