കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി ആദ്യദിവസങ്ങളിൽ നൽകിയ മൊഴികളിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഈ മൊഴികളിൽ വിശ്വാസമർപ്പിച്ചു ഗൂഡാലോചനയുടെ സാധ്യതകൾ തള്ളിക്കളഞ്ഞ് ഇപ്പോൾ അറസ്റ്റിലായവരെ മാത്രം ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് പോലീസെന്നു സൂചന.
ആദ്യദിവസങ്ങളിൽ സുനി പറഞ്ഞ മൊഴികളിൽ നിന്നു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
കേസിലെ നിർണായക തെളിവായാ മൊബൈൽ ഫോണിന്റെ കാര്യത്തിലാണ് ഏക മൊഴിമാറ്റം. ആദ്യം ഫോണ് പൊന്നുരുന്നിയിലെ ഓടയിൽ ഉപേക്ഷിച്ചെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അതു കൊച്ചി കായലിൽ എറഞ്ഞതായി മൊഴി മാറ്റുകയായിരുന്നു. സുനിയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ് കൊച്ചി കായലിൽ തെരച്ചിലും നടത്തിയിരുന്നു. കേസിൽ സുനിയുടെ മൊഴി വിശ്വസിച്ചു അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസും തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തിൽ ഗൂഡാലോചന ഇല്ലെന്നും പണത്തിനായാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്നുമുള്ള സുനിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടുണ്ട്. ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ പറ്റിയ തെളിവൊന്നും പ്രതികളെ ഇതുവരെ ചോദ്യം ചെയ്തതിൽ ലഭിച്ചിട്ടില്ല എന്നാണ് വിവരം. അതിനാൽ നടി ആക്രമിച്ച സംഭവത്തിൽ കേസ് ഇപ്പോൾ അറസ്റ്റിലായ പ്രതികളിൽ മാത്രം ഒതുങ്ങുമെന്നാണ് സൂചന.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ആക്രമണത്തിനു ഇരയായ നടിയുടെ മൊഴിയും മറ്റു സാക്ഷികളുടെ മൊഴിയും മറ്റു സാഹചര്യത്തെളിവുകളും ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഭവദിവസം പ്രതികൾ നടിയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങളടക്കം പോലീസിനു ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളടക്കം പഴുതില്ലാതെ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.