തിരുവനന്തപുരം: ബജറ്റ് ചോർന്ന സംഭവത്തിൽ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ.മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ ഗവർണറെ കണ്ടത്.
സംഭവം നിസാരവത്കരിക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതീവ ഗൗരവതരമായ കുറ്റമാണ് മന്ത്രിയിൽ നിന്നുണ്ടായത്. ബജറ്റിന്റെ എല്ലാ ശുദ്ധിയും നഷ്ടപ്പെടുത്തി. ബജറ്റ് ചോർന്നതോടെ അതു വെറും പേപ്പറുകൾ മാത്രമായി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് രാജിവച്ച് പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു