ഹൈദരാബാദ്: മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനത്തിൽ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ഹൈദരാബാദിലെ സിദ്ദിപ്പേട്ടിലാണ് സംഭവം. സബ് ഇൻസ്പെക്ടറായ ചിട്ടിബാബു(55) എന്നയാളാണ് സർവീസ് റിവോൾവർ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
അടുത്തിടെയാണ് ചിട്ടിബാബു ദുബാക്കയിൽനിന്ന് എസിപി ഓഫീസിൽ ജോലിക്കായി എത്തിയത്. എന്നാൽ കഴിഞ്ഞദിവസം പോലീസ് ക്വാർട്ടേഴ്സിൽനിന്നു വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം ഭാര്യക്കു നേർക്കു നിറയൊഴിച്ചശേഷം ജീവനൊടുക്കുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം രക്തത്തിൽ കുളിച്ചനിലയിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കമ്മിഷണറുടെ പീഡനമാണ് മരണത്തിനു പിന്നിലെന്ന് ദന്പതികളുടെ മകൻ പ്രേംകുമാർ ആരോപിച്ചു. കഴിഞ്ഞദിവസങ്ങളിലും കമ്മിഷണർ ചിട്ടിബാബുവിനെ അവഹേളിച്ചിരുന്നതായി മകൻ വ്യക്തമാക്കി. അതേസമയം, ഈ മാസം ഒന്നുമുതൽ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് ചിട്ടിബാബുവിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നതായും എന്നാൽ ഇതിനുള്ള ഓർഡറുകൾ നൽകിയിരുന്നില്ലെന്നും ആരോപണവിധേയനായ സിദ്ദിപ്പേട്ട് കമ്മിഷണർ ശിവകുമാർ പറഞ്ഞു.