കലാഭവന്‍ മണി മരിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദേഹത്തിന്റെ കുടുംബം ഒന്നാകെ നിരാഹാര സമരത്തിന്. മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്നുമുതല്‍ മൂന്നുദിവസമാണ് കലാഭവന്‍ മണിയുടെ കുടുംബം നിരാഹാരമിരിക്കുക. സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരാഹാരം. മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളോ രാഷ്ട്രീയരംഗങ്ങളില്‍ നിന്നുള്ളവരോ വിളിക്കാത്തതില്‍ അദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിരാശയിലാണ്. ജീവിച്ചിരുന്നപ്പോള്‍ മണിയെ മുതലെടുത്തവര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സഹോദരന് പറയുന്നത്. സിപിഎമ്മുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടി തലത്തിലും യാതൊരു നടപടിയുമില്ല.
കേസ് സിബിഐക്ക് കൈമാറിയതല്ലാതെ ഒരു തുടര്‍നടപടികളും ഉണ്ടായിട്ടല്ല. പൊലീസിന്റെ വീഴ്ചയാണെന്നും കേസ് അട്ടിമറിച്ചതാണെന്നും രാമകൃഷ്ണന് പറഞ്ഞു. മണിയുടെ പിതാവിന്റെ സ്മാരകമായ രാമന് സ്മാരക കലാഗൃഹത്തിന് മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുന്ന പ്രതിമക്ക് സമീപമാണ് കുടുംബം നിരാഹാരം ഇരിക്കുക. മാര്‍ച്ച് ആറിന് കലാഭവന്‍ മണി മരണമടഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. അന്നേദിവസം കുടുംബത്തിലെ എല്ലാവരും നിരാഹാരത്തില്‍ പങ്കെടുക്കുമെന്നും രാമകൃഷ്ണന് പറഞ്ഞു.