മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായരുടെ ‘നാലുകെട്ടിലെ’ അപ്പുണ്ണിയെയും ‘ഇരുട്ടിന്റെ ആത്മാവിലെ’ വേലായുധനെയും കുട്ട്യേടത്തിയേയുമൊക്കെ ഒപ്പം നിര്‍ത്തിയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. സംസ്ഥാന ബജറ്റില്‍ നിറഞ്ഞു നിന്നത് എംടിയായിരുന്നെങ്കിലും തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം താന്‍ കണ്ടില്ലെന്ന് എംടി വാസുദേവന്‍ നായര്‍ പറഞ്ഞു. എംടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഉദ്ധരണികളും നിറഞ്ഞ ഇന്നലത്തെ ഐസക്കിന്റെ ബജറ്റ് പ്രസംഗം കണ്ടിരുന്നോ എന്ന ചോദ്യത്തിനാണ് എംടിയുടെ മറുപടി എത്തിയത്. ഞാന്‍ അതൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല, ടി.വി വെച്ചിട്ടുമില്ല, ഇതൊന്നും കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തില്‍ വരുമ്പോള്‍ വായിക്കാമെന്നും എംടി വ്യക്തമാക്കി.
നോട്ട് നിരോധനത്തെക്കുറിച്ച് എംടി നടത്തിയ തുഗ്ലക്ക് പരിഷ്‌കാരമെന്ന വിമര്‍ശനം ഓര്‍മിപ്പിച്ചാണ് ഇന്നലെ ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചത്. വളരെ സാധാരണക്കാരായ ആളുകളുടെ ജീവിതം വളരെ മാറിയിരിക്കുന്നു. അത് പറയാതെ വയ്യ. ബജറ്റ് പ്രസംഗത്തിന്റെ മൂന്നാംവാചകത്തില്‍ തന്നെ എംടിയുടെ വാക്കുകള്‍ മന്ത്രി ഉദ്ധരിച്ചു. പിന്നീട് പ്രസംഗത്തില്‍ ഇടക്കിടെ എംടിയുടെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിന്നിമറയുകയും ചെയ്തു.
എംടിയുടെ മഞ്ഞ്, നാലുകെട്ടിലെ അപ്പുണ്ണി, ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, കുട്ട്യേടത്തി, വളര്‍ത്തുമൃഗങ്ങള്‍, വൈശാലി, രണ്ടാമൂഴം എന്നിവയൊക്കെ ഐസക്കിന്റെ ബജറ്റില്‍ വന്നുംപോയും ഇരുന്നു. റേഷന്‍ പ്രതിസന്ധിയെ വിശദമാക്കാനായി ഐസക്ക് നാലുകെട്ടിലെ വലിയമ്മാമയെ ആണ് ഉദാഹരിച്ചത്. ഭീരു, തെറ്റും തിരുത്തും എന്നീ കഥകള്‍ വിവരിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ഐസക്ക് ചൂണ്ടിക്കാട്ടി. ഐസക്ക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് പോലും നോട്ടസാധുവാക്കല്‍ പ്രക്രിയയിലൂടെ ഉണ്ടായ വിപത്തിനെ എങ്ങനെ നേരിടാം എന്ന എംടിയുടെ അഭിപ്രായം ഉദ്ദരിച്ചുകൊണ്ടാണ്.