കൊച്ചി: ഒത്തുകളി ആരോപണത്തെത്തുടർന്നു ബിസിസിഐയുടെ ആജീവനാന്ത ക്രിക്കറ്റ് വിലക്കിനെതിരേ ശ്രീശാന്ത് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിസിസിഐ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഹർജി പിന്നീട് പരിഗണിക്കും.
ഐപിഎൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടർന്ന് 2013 മേയ് 16നു മുംബൈയിൽനിന്ന് ശ്രീശാന്തിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2013 ഒക്ടോബർ പത്തിനു ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബിസിസിഐ വിലക്ക് ഏർപ്പെടുത്തി. ശ്രീശാന്തിനെ മാച്ചിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
ദേശീയ, രാജ്യാന്തര മത്സരങ്ങളിലുൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ ബിസിസിഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തടഞ്ഞിരുന്നു. ഒത്തുകളി ആരോപിച്ച് മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക)പ്രകാരമുള്ള കുറ്റം ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് പട്യാല അഡീഷണൽ സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഡൽഹി പോലീസ് ശേഖരിച്ചു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ നടപടിയെടുത്തതെന്നും പോലീസിന്റെ കണ്ടെത്തലുകൾ കോടതി തള്ളിയ സാഹചര്യത്തിൽ ബിസിസിഐയുടെ വിലക്ക് നിയമവിരുദ്ധമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നീക്കാൻ രണ്ടു തവണ അപേക്ഷ നൽകിയിട്ടും ബിസിസിഐ നടപടിയെടുത്തില്ല.
ഇപ്പോൾ സ്കോട്ട്ലൻഡിലെ ഗ്ളെൻറോത്ത്സ് ക്ലബിനുവേണ്ടി പ്രീമിയർ ലീഗിൽ കളിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം തുടങ്ങുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ എൻഒസിക്ക് അപേക്ഷിച്ചെങ്കിലും ബിസിസിഐ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.