എടത്വ: സർക്കാർ പുറംപോക്കിൽ അന്തിയുറങ്ങുന്ന അന്ധയായ വിധവയുടെ കുടുംബത്തെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കി. തകഴി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ ചെക്കിടിക്കാട് തുരുത്തിമാലി പരേതനായ ഔസേഫ് തോമസിന്റെ ഭാര്യ ഏലിയാമ്മ ഔസേഫിന്റെ റേഷൻ കാർഡാണ് ബിപിഎൽ ലിസ്റ്റിൽനിന്ന് വെട്ടിമാറ്റി നോൺപ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
ജന്മന അന്ധരായിരുന്ന ഔസേഫ്–ഏലിയാമ്മ ദമ്പതികളുടെ റേഷൻകാർഡ് പുതുക്കുന്നതിനുമുമ്പ് ബിപിഎൽ ലിസ്റ്റിൽ അന്ത്യോജനയിൽ ഉൾപ്പെട്ടിരുന്നു. കാർഡ് പുതുക്കിയശേഷം രണ്ടാംഘട്ടം പ്രസിദ്ധീകരിച്ചപ്പോഴും ഈ കുടുംബം അന്ത്യോജനയിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
എന്നാൽ റേഷൻകാർഡിലെ തെറ്റ് ഗ്രാമസഭ വഴി തിരുത്തി മൂന്നാംഘട്ടം പ്രസിദ്ധീകരിച്ചപ്പോഴാണ് നോൺപ്രയോറിറ്റി ലിസ്റ്റിൽ ഉൾപെട്ടത്. മൂന്നുസെന്റ് കുടികിടപ്പിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞു കൂടുന്ന വിധവയായ തന്നോട് അനീതിയാണ് കാട്ടിയതെന്ന് ഏലിയാമ്മ പറയുന്നു. ഒമ്പതുവർഷം മുമ്പ് മരണപ്പെട്ട അന്ധനായ ഔസേഫ് വഴിയരികിൽ കപ്പലണ്ടി വിറ്റാണ് ഉപജീവനം നടത്തി വന്നിരുന്നത്.
മക്കൾ പ്രായപൂർത്തിയാകുന്നതിനുമുമ്പ് ഗൃഹനാഥൻ മരിച്ചിരുന്നു. തുടർന്ന് അന്ധയും നിത്യരോഗിയുമായ ഏലിയാമ്മയുടെ തുച്ഛമായ പെൻഷൻ തുകയിൽനിന്നാണ് മക്കളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്നു പഠിക്കാൻ പണമില്ലാതെ വന്നതോടെ ഇവരുടേയും വിദ്യാഭ്യാസം മുടങ്ങിയിരുന്നു.
ചികിത്സയ്ക്കും നിത്യചെലവിനും ബുദ്ധിമുട്ടുമ്പോഴാണ് നിനച്ചിരിക്കാതെ റേഷൻകാർഡ് നോൺപ്രയോറിറ്റി ലിസ്റ്റിലേക്ക് മാറ്റിയത്. പ്രാഥമിക ആവശ്യങ്ങൾക്കുപോലും മക്കളുടെ സഹായം വേണ്ട ഇവർക്ക് ഏതു വാതിലിൽ മുട്ടണമെന്നോ ആരു സഹായിക്കുമെന്നോ അറിയില്ല.