എസ്ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് പോലീസിന്റെ ക്രുമര്ദ്ദനം ഏറ്റതായി പരാതി. വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ചേട്ടാ എന്നു വിളിച്ചതിനാണ് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥി എ ദീപക്കി(19) നെ പോലീസ് അടിച്ചത്. വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് പള്ളിക്കത്തോട് മുക്കാലി റൂട്ടിലായിരുന്നു സംഭവം. കോളജില്‍ നിന്നും വരുമ്പോള്‍ കൂടെ കൊണ്ടുവന്ന കൂട്ടുകാരനെ ഇറക്കാന്‍ വേണ്ടി ബൈക്ക് നിര്‍ത്തിയതിനിടെ പോലീസ് വാഹനം അതുവഴിയെത്തുകയും ഹെല്‍മെറ്റ് വെയ്ക്കാത്തതിനു പിഴ ചുമത്തുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ രേഖകളും ആവശ്യപ്പെട്ടു. വെപ്രാളത്തിനിടെ എസ്ഐയെ ചേട്ടാ’എന്നു വിളിച്ചുപോയതാണെന്ന് ദീപക് പറയുന്നു. ഇതുകേട്ട എസ്ഐ മുഖത്തടിച്ചെന്നാണ് ദീപക്കിന്റെ പരാതി. ദീപക് ഇപ്പോള്‍ പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥനായ ചേന്നംപള്ളി കോട്ടാടിക്കല് അജിത്കുമാറിന്റെ മകനാണ് ദീപക്.
അതേസമയം, വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന് പറഞ്ഞു. ഇന്നു രാവിലെ വരെ പരാതി ലഭിച്ചിട്ടില്ലെന്നും അദേഹം അറിയിച്ചു. പാമ്പാടി ചേന്നംപള്ളി കൊട്ടാടിക്കല്‍ അജിത്കുമാറിന്റെ മകന് ദീപക്കി (19) നാണ് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നത്. ഇയാള്‍ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.