കൊച്ചി: സൈബർ സെല്ലിന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതു വ്യാപകമാകുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് സൈബർ സെല്ലിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത്. അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നവർക്കെതിരെ സൈബർ സെൽ നടപടി സ്വീകരിക്കുന്നുവെന്ന പേരിലുള്ള വാർത്തയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.വാഹന പരിശോധനയുടെ മാതൃകയിൽ റോഡിൽ ആളുകളെ തടഞ്ഞു നിർത്തി ഫോണ് പരിശോധന നടത്തുമെന്നാണ് പ്രചരിക്കുന്ന വാർത്ത.
വഴിയിൽ ആളുകളെ തടഞ്ഞു നിർത്തി ഫോണ് പരിശോധിക്കുന്നത് പ്രായോഗികമായ കാര്യമല്ലെന്നും സൈബർ സെൽ ഇത്തരത്തിലുള്ള ഒരു അറിയിപ്പ് ഇറക്കിയിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പദ്ധതിയില്ലെന്ന്് സൈബർ സെൽ അധികൃതരും വ്യക്തമാക്കി.
റോഡുകളിലെ വാഹനപരിശോധനയുടെ മാതൃകയിൽ ആളുകളെ റോഡിൽ തടഞ്ഞു നിർത്തി ഓരോരുത്തരുടെയും ഫോണ് വാങ്ങി സൈബർ സെൽ ഇന്റർഫേസുമായി ബന്ധിപ്പിച്ചുപരിശോധന നടത്തുമെന്നാണ് വ്യാജവാർത്തിയിൽ പറയുന്നത്. പരിശോധനയിൽ ഫോണിൽ നിന്നു അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചാൽ ആദ്യഘട്ടമായി മുന്നറിയിപ്പു നൽകുമെന്നും മൂന്നു ദിവസത്തിനുള്ളിൽ ദൃശ്യങ്ങൾ മാറ്റിയില്ലെങ്കിൽ പിഴ ശിക്ഷയുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു.
പ്രാഥമിക ഘട്ടത്തിൽ 25,000 രൂപ പിഴയും കേസിന്റെ സ്വഭാവം അനുസരിച്ചു ശിക്ഷയും വിധിക്കുമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലാണ് ഇത് പ്രാഥമികമായി പരീക്ഷിക്കാനൊരുങ്ങുന്നതെന്നും മാർച്ച് ഒന്നു മുതൽ പരിശോധന ആരംഭിക്കുമെന്നും വ്യാജസന്ദേശത്തിൽ പറയുന്നുണ്ട്.