കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊല്ലാപ്പ് പിടിച്ചത് പള്‍സര്‍ സുനിയോ പ്രമുഖ നടനോ അല്ല. അത് മറ്റാരുമല്ല താന്‍ തന്നെയാണ് പള്‍സറിന്റെ വക്കാലത്ത് ആദ്യം ഏറ്റെടുത്ത അഡ്വ. ഇ.സി. പൗലോസ്. ഇപ്പോള്‍ താന്‍ വക്കീലല്ല വെറും സാക്ഷിയാണെന്ന് പൗലോസ് രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു. കേസിലെ തെൡവുകളായ ഫോണും മറ്റും സുനി അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നു. ഇത് അദ്ദേഹം ആലുവ കോടതിയില്‍ ഹാജരാക്കി. ഇതാണ് പൊല്ലാപ്പായി മാറിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം പള്‍സര്‍ സുനി വര്‍ഗീസിന്റെ വീട്ടില്‍ എത്തി മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമടക്കം പൗലോസിന്റെ വീട്ടില്‍ എത്തിച്ചിരുന്നു.
സംഭവത്തെക്കുറിച്ച പൗലോസ് പറയുന്നതിങ്ങനെ- ഇപ്പോള്‍ ഞാന്‍ വെറും സാക്ഷിയാണ്. കേസില്‍ എന്നെ സാക്ഷിയാക്കിയിരിക്കുകയാണ്. എന്റെ വീട്ടിലാണ് പള്‍സര്‍ സുനി ഫോണും മറ്റും കൊണ്ടുവന്നു തന്നത്. അതിനാല്‍ എന്റെ ഭാര്യയും കേസില്‍ സാക്ഷിയാണ്. സിആര്‍പിസി 161 പ്രകാരം കേസുമായി ബന്ധപ്പട്ട് എന്തെങ്കിലും വസ്തുക്കളോ രേഖകളോ ഹാജരാക്കിയാല്‍ അയാള്‍ അതിനെക്കുറിച്ച് സ്റ്റേറ്റ്മെന്റ് നല്‍കണം. അപ്രകാരം സ്റ്റേറ്റ്മെന്റ് എഴുതി നല്കിയാല് പിന്നെ അയാള്‍ സാക്ഷിയാണ്. സാക്ഷിക്ക് പിന്നീട് കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുക്കാന്‍ സാധിക്കില്ല. ഇനി ഈ കേസില്‍ തനിക്ക് ഒരു കക്ഷിയുടെയും വക്കാലത്ത് വാങ്ങാന്‍ സാധിക്കില്ല. അന്നു നടന്ന കാര്യങ്ങള്‍ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. പഴയകാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.
ഫോണും മറ്റും നല്കാന് എത്തിയപ്പോള്‍ തന്നെ പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും വക്കാലത്തും പൗലോസിനു നല്‍കിയിരുന്നു. എന്നാല്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പള്‍സര്‍ സുനി വക്കാലത്ത് മറ്റൊരു അഭിഭാഷകന് നല്‍കിയത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. സുനിയെ ആലുവ കോടതിയില്‍ ഹാജരാക്കിയ ദിവസമാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പള്‍സര്‍ സുനിക്കായി മറ്റൊരു വക്കീലും രംഗത്തു വന്നു. ഇത് തര്‍ക്കത്തിനു വഴിവച്ചു. ഒടുവില്‍ ജഡ്ജി ഇടപെട്ടപ്പോള്‍ രണ്ടാമത് എത്തിയ അഭിഭാഷകന് വാദിച്ചാല്‍ മതിയെന്ന് പള്‍സര്‍ സുനി പറഞ്ഞു. വിജീഷ് പൗലോസ് വാദിച്ചാല്‍ മതിയെന്ന നിലപാട് തുടര്‍ന്നു. അന്ന്് കോടതിയില്‍ വച്ച നടന്ന സംഭവങ്ങള്‍ അഭിഭാഷകനു ക്ഷീണം ചെയ്തിരുന്നു. കൂടാതെ കേസില്‍ സാക്ഷിയാക്കിയതോടെ വിജീഷിന്റെ വക്കാലത്തും ഒഴിയേണ്ട അവസ്ഥയിലാണ് ഇ.സി.പൗലോസ്.