ഗുരുവായൂർ: കുടിവെള്ളത്തിനായി ഗുരുവായൂരിൽ ഹോട്ടലുകളുടേയും ലോഡ്ജുകളുടേയും സമരം.ഉത്സവക്കാലവും വൈശാഖ സീസണും അടുത്തെത്തിയിട്ടും ഗുരുവായൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരസഭയും സർക്കാരും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ട് സമരം നടത്താൻ വ്യാപാരികളുടെ സംയുക്ത സംഘടനകൾ തീരുമാനിച്ചു.
സമരത്തിന് മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി,ചേംബർ ഓഫ് കോമേഴ്സ് എന്നീ സംഘടകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഗുരുവായൂരിലെത്തുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ ആശ്രയിക്കുന്ന ഹോട്ടലുകളും ലോഡ്്ജുകളും കുടിവെള്ളക്ഷാമത്തെതുടർന്ന് അടച്ചു പൂട്ടൽ ഭീഷണിയിലാണ്.പല ഹോട്ടലുകളും ലോഡ്ജുകളും കുടിവെള്ള ക്ഷാമത്തെതുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ട സർക്കാരും നഗരസഭയും വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാത്തത് പ്രതിഷേധാർഹമാണ്.പ്രതിസന്ധി കണക്കിലെടുത്ത് സർക്കാരും നഗരസഭയും ഇടപെട്ട് ഭക്തജനങ്ങളുടേയും വ്യാപരികളുടേയും ആശങ്ക പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.നാരായണൻ നന്പൂതിരി,കെ.എച്ച.ആർ.എ പ്രസിഡന്റ് ജി.കെ.പ്രകാശൻ,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻര് ടി.എൻ.മുരളി,വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സി.ഡി.ജോണ്സണ്,കെ.പി.സുന്ദരൻ,ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ.രവി ചങ്കത്ത് എന്നിവർ പ്രസംഗിച്ചു.