പയ്യോളി: തുറയൂർ കീരങ്കൈ തൊണ്ടിയാംപറന്പത്ത് മൂബാറക്കിന്റെ(26)ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ സർവ്വകക്ഷി കർമ്മസമിതി രൂപികരിച്ചു. മുബാറക്കിന്റെ മരണത്തിൽ പേരിനു പോലും അന്വേഷണം നടത്താത്ത പോലീസ് നടപടിയിലും ദുരൂഹത നിഴലിക്കുന്നതായി കർമ്മസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സുഹ്യത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച മുബാറക്കിനെ ചോരവാർന്ന് അബോധാവസ്ഥയിൽ നാട്ടുകാരാണ് മെഡിക്കൽകോളജ് ആശുപത്രിയിലെത്തിക്കുന്നത്. ഫിബ്രവരി 20ന് രാത്രി എട്ടോടെ കീരങ്കൈ ജുമാമസ്ജിദിനടുത്തെ പറന്പിലാണ് കാറിനുസമീപം മുബാറക്കിന്റെ മൃതദേഹം കമിഴ്ന്ന്കിടന്ന നിലയിൽ കണ്ടെത്തിയത്കാർ മതിലിനോട് ഇടിച്ച ശബ്ദംകേട്ടാണ് പരിസരവാസികളെത്തുന്നത്.
കാറിന് മുൻവശത്തെ ടയറിന് സമീപമായിരുന്നു മുബാറക്ക് കിടന്നിരുന്നത്. കഴുത്തിലാണ് മുറിവ് ഉണ്ടായിരുന്നത്.ചെവിയിൽകൂടി രക്തം ഒഴുകിയ നിലയിലായിരുന്നു. കാറിന്റെ ടയറിൽ രക്തമൊന്നും പറ്റിയിരുന്നില്ല. കൂടെയുണ്ടായിരുന്ന രണ്ട് സുഹ്യത്തുകളുടെ ശരീരത്തിൽ ഒരു പോറൽ പോലുമുണ്ടായിരുന്നില്ല.ഇതിൽ ഒരാൾ മറ്റൊരാളുടെ മോട്ടോർബൈക്കിന് പിറകിൽ കയറി സ്ഥലംവിട്ടു.സ്ഥലത്തുണ്ടായിരുന്ന സുഹ്യത്ത് പറഞ്ഞത് താനും മുബാറക്കും പിന്നിലിരിക്കുകയായിരുന്നുവെന്നും സംഭവിച്ചതൊന്നും ഓർമ്മയില്ലെന്നുമാണ്.
ഇയാളെ അന്ന് രാത്രിതന്നെ പോലീസിന് നാട്ടുകാരാണ് കൈമാറിയത്. മറ്റെയാളെ പോലീസും കസ്റ്റഡിയിലെടുത്തു. മൂവരും മദ്യലഹരിയിലായതിനാൽ നാലാമത് ഒരാളാണ് കാർ പറന്പിൽ എത്തിച്ചതെന്നും പറയുന്നു. ഇയാളെ പോലീസ് വിളിപ്പിച്ചിട്ടുപോലുമില്ല.എന്നാൽ പോലീസ് സാധാരണ വാഹനാപകടം എന്നനിലയിൽ കേസെടുക്കുകയും മുബാറക്കിന്റെ സുഹ്യത്തുക്കളെ സ്റേ്റേഷനിൽ നിന്ന്തന്നെ ജാമ്യത്തിൽ വിടുകയുമായിരുന്നുവത്രേ. മുബാറക്കിന്റെ മ്യതദേഹം പോസ്റ്റ്മാർട്ടം നടത്തുന്നതിന് മുന്പ് കാർ മാറ്റുകയും ചെയ്തു.
ഇൻഷ്വറൻസ് തുകലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് നാട്ടുകാരോട് പറഞ്ഞതത്രേ.കാറിൽ മൽപിടുത്തം നടന്നലക്ഷണം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. രാവിലെ മുതൽ ഇവർ കാറിൽ കറങ്ങുന്നത് കണ്ടവരുണ്ട്. റോഡിൽ നിന്നുമാറി പറന്പിൽ നിർത്തിയിട്ട കാർ മതിലിന് ഇടിക്കേണ്ട സാഹചര്യമില്ല .സംഭവം അറിഞ്ഞത്തെിയ പോലീസ് ഇത് അപകടമരണമാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ആദ്യം പറഞ്ഞത്. സാധാരണ ഇത്തരം മരണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കാറ്.
ഈ മരണത്തിൽ അതും നടന്നില്ല. ഇതിനാൽ അന്വേഷണം മറ്റൊരു പോലീസ് സംഘത്തിന് കൈമാറണമെന്ന് കർമ്മസമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പി.ബാലഗോപാലൻ, സി.കെ.അസീസ്,വി.വി.അമ്മത്,എം.പി.ഷിബു,പൊടിയാടി നസീർ,നാഗത്ത്നാരായണൻ,എം.ടി.അഷറഫ്,യു.ടി.ബാബു,മുബാറക്കിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.