സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: കുഞ്ഞുങ്ങൾക്കു ഭക്ഷണവും സംരക്ഷണവും കൊടുക്കുന്നതിൽ മാതാപിതാക്കളുടെ ഉത്തരവാദിത്തവും സ്നേഹ വാത്സല്യങ്ങളും വീടിനുള്ളിൽ നിന്നു തുടങ്ങണമെന്നു കാണിച്ചു വീട്ടിലൊരു വിശിഷ്ടാതിഥിയുടെ കൂടും കുഞ്ഞുങ്ങളും. വലിയപറന്പ് ഇടയിലക്കാട്ടിലെ കർഷകൻ എസ്.തോമസിന്റെ വീടിന്റെ സ്വീകരണ മുറിയിലെ തൂക്കുവിളക്കിൽ വാസ സ്ഥലം ഒരുക്കിയ ’ബുൾ ബുൾ’ പക്ഷി സദാ ജാഗരൂകതയിലാണ്.
തോമസിന്റെ വീട്ടിൽ ഇദ്ദേഹവും ഭാര്യ മേരിയും മാത്രമാണിപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ 18ദിവസം കൊണ്ടാണു പക്ഷിയുടെ പുതിയ കുടുംബത്തിന്റെ സ്നേഹ പ്രകടനങ്ങളും ജീവിത കഥയും ഇവർ അനുഭവിച്ചറിഞ്ഞത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും തോമസിന്റെ വീടിനുള്ളിലെ അലങ്കാര വിളക്കിന്റെ മധ്യത്തിൽ അടയ്ക്കാനാരും ചകിരി നാരും വെൽവറ്റ് നൂലുകളും കൊണ്ടുണ്ടാക്കിയ കൂട്ടിൽ മൂന്നാം ദിവസം മുട്ടയിട്ടു.
അന്നു മുതൽ കുടുംബാംഗത്തെപ്പോലയാണു പക്ഷികളുടെ പെരുമാറ്റവും. പുലർച്ചെ ആറു മുതൽ വീടിന്റെ മുൻ വാതിലിനോടു ചേർന്നുള്ള ചെറിയ ജനലിലൂടെ ആദ്യം ആണ്‍പക്ഷിയും പിന്നീട് പെണ്‍പക്ഷിയും തങ്ങളുടെ പിഞ്ചുമക്കൾക്കു ഭക്ഷണം കൊണ്ടുവന്നു നിരന്തരം നൽകുകയും അവരുടെ സാമിപ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നതു ഉത്തമ മാതാപിതാക്കളുടെ കടമകൾ നമ്മെ ഓർമപ്പെടുത്തുന്ന കാഴ്ച്ചകളാണ്.
ദിവസം മുഴുവൻ ഈ രണ്ടു തൊപ്പിക്കാരും തങ്ങളുടെ കടമകളിൽ മാത്രമാണു ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. മനുഷ്യർ തങ്ങളുടെ ജീവൻ അപായപ്പെടുത്തുമോ എന്നോ പിടികൂടുമെന്നോ ചിന്തിക്കാതെ പറക്കമുറ്റുന്നതു വരെ മക്കളെ സുരക്ഷിതരായി പരിചരിക്കുന്ന കാഴ്ച്ച ആശ്ചര്യകരമാണ്. പുറമെ നിന്നു വീട്ടിലെത്തുന്ന ആരെയും ഈ പക്ഷികൾ ഭയക്കാറില്ലെന്നു ഗൃഹനാഥൻ പറയുന്നു.
കുഞ്ഞുങ്ങൾക്കു കഴിഞ്ഞ ദിവസം പകൽ ഇരുവരും ഭക്ഷണമെത്തിക്കുമെങ്കിലും രാത്രി ആണ്‍പക്ഷി വീടിനടുത്തുള്ള മരച്ചില്ലയിൽ കാവലിരിക്കും. പുലർച്ചെ ജനൽ തുറക്കുന്പോഴേയ്ക്കും എത്തുകയായി ആ പിതാവ് തന്റെ മക്കളെയും പെണ്‍പക്ഷിയെയും കാണാൻ. മനുഷ്യരിൽ പോലും ഇന്നു കാണാൻ ഇല്ലാത്ത കുടുംബ ജീവിതത്തിന്റെ ഉദാത്ത മാതൃക ഈ പറവകൾ നമുക്കു മുന്നിൽ ജീവിതത്തിലൂടെ കാണിച്ചുതരികയാണ്. മനുഷ്യരുമായി അധികം ഇണങ്ങി ജീവിക്കാത്ത ഈ പക്ഷികൾ അപൂർവമായേ വീടിനുള്ളിൽ കൂടു കൂട്ടാറുള്ളൂവെന്നു പക്ഷി നിരീക്ഷകർ പറയുന്നു.