‘സൈബർ സ്വച്ഛത കേന്ദ്ര’ പേടിക്കേണ്ട, കേന്ദ്രസർക്കാരുണ്ട്

tech_2017march03oa1
സ്മാർട്ട് യുഗത്തിൽ ഏവരുടെയും പ്രശ്നം സുരക്ഷയാണ്. മൊബൈൽ ഫോൺമോഷണം, കംപ്യൂട്ടറിലെ വൈറസ് ബാധ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഓരോ ദിവസവും നേരിടേണ്ടിവരുന്നത്. ഇതിനെല്ലാം പരിഹാരമായി നിരവധി ആപ്ലിക്കേഷനുകളും സോഫ്റ്റ്വെയറുകളും ഡിജിറ്റൽ മാർക്കറ്റുകളിൽ ലഭ്യമാണ്. ഈ ഉത്പന്നങ്ങൾക്കെല്ലാം പിന്നിൽ സ്വകാര്യ കന്പനികളാണ് പ്രവർത്തിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നേരിട്ട് പുറത്തിറക്കിയ സ്മാർട്ട് ഫോൺ– കംപ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയറുകളെയും ആപ്പുകളെയും പരിചയപ്പെടുത്തുകയാണ് ഈ ലക്കം ടെക് ദീപിക. കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലുള്ള ‘സൈബർ സ്വച്ഛത കേന്ദ്ര’യാണ് സോഫ്റ്റ്വെയറുകളുടെയും ആപ്പുകളുടെയും ബുദ്ധികേന്ദ്രം. www.cyberswachhtakendra.gov.in എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഈ സേവനങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

എം–കവച് (MKavach)

മൊബൈൽ ഫോണിൻറെ സുരക്ഷ്ക്കായി തയാറാക്കിയിരിക്കുന്ന ആപ്പാണ് എം– കവച്. ഓൺലൈനായും ഓഫ്ലൈനായും ഫോണിനെ ബാധിച്ചേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ എം–കവചിനാകുമെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ആൻഡ്രോയ്ഡ് ഫോണുകൾക്കായുള്ള എം–കവച് വേർഷൻ മാത്രമേ തത്ക്കാലം പുറത്തിറക്കിയിട്ടുള്ളു.

പ്രത്യേകതകൾ

വൈറസ് ബാധിത ആപ്പുകളെ തടയുന്നു.
സിം കാർഡ് മാറ്റിയാൽ സെറ്റ് ചെയ്തിരിക്കുന്ന നന്പറിൽ മെസേജ് ലഭിക്കാനുള്ള സൗകര്യം.
എസ്എംഎസ് ഉപയോഗിച്ച് ഫോൺ റീ–സെറ്റ് ചെയ്യാം.
അനാവശ്യകോളുകളും മെസേജുകളും തടയുന്നു.
ജാവാ സ്ക്രിപ്റ്റ് മാൽവെയറുകൾ തടയുന്നു.

ബ്രൗസർ ജെഎസ്ഗാർഡ് (Browser JSGuard)

സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് ബ്രൗസർ ജെഎസ്ഗാർഡ്. ഇൻറർനെറ്റിലൂടെയുള്ള വൈറസ് ആക്രമണങ്ങളെ കണ്ടെത്തി തടയാൻ ബ്രൗസർ ജെഎസ് ഗാർഡിന് കഴിയും. വിൻഡോസിലും ലിനക്സിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് സോഫ്റ്റ്വെയർ രൂപകല്പന ചെയ്തിരിക്കുന്നത്. മോസില്ല, ഗൂഗിൾ ക്രോം എന്നീ സോഫ്റ്റ്വെയറുകൾ ബ്രൗസർ ജെഎസ്ഗാർഡ് സപ്പോർട്ട് ചെയ്യും.

പ്രത്യേകതകൾ

വേഗത്തിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം.
ജെഎസ് ആൻഡ് എച്ച്ടിഎംഎൽ മാൽവെയർ സുരക്ഷ.
വൈറസ് ബാധിത വെബ് പേജ് സന്ദർശിക്കുന്പോൾ മുന്നറിയിപ്പ് നൽകുന്നു.
വെബ്പേജിലെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നു.

യുഎസ്ബി പ്രതിരോധ് (USB Pratirodh)

പെൻഡ്രൈവുകളിലൂടെയാണ് കംപ്യൂട്ടറിൽ വൈറസ് പ്രധാനമായും ബാധിക്കുന്നത്. യുഎസ്ബി പ്രതിരോധ് എന്ന സോഫ്റ്റ്വെയർ സൈബർ സ്വച്ഛത കേന്ദ്ര വികസിപ്പിച്ചെടുത്തിരിക്കുന്നതും യുഎസ്ബി വഴിയുള്ള വൈറസ് ബാധ തടയുക എന്ന ലക്ഷ്യത്തോടെയാണ്. പെൻഡ്രൈവുകൾ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ, സെൽഫോണുകൾ തുടങ്ങിയവയിലൂടെ വൈറസ് കംപ്യൂട്ടറിൽ ബാധിക്കുന്നത് യുഎസ്ബി പ്രതിരോധ് തടയുന്നു. യൂസർനെയിമും പാസ്വേഡും നൽകിയാണ് യുഎസ്ബി പ്രതിരോധ് ഉപയോഗിക്കുന്നത്. യുഎസ്ബി കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്പോൾ യുസർനെയിമും പാസ്വേഡും നൽകിയാൽ മാത്രമേ ഡേറ്റ കൈമാറ്റം സാധിക്കൂ. വിൻഡോസ് 7, വിൻഡോസ് 10 തുടങ്ങിയവയിൽ യുഎസ്ബി പ്രതിരോധ് സപ്പോർട്ട് ചെയ്യും.

പ്രത്യേകതകൾ

പാസ്വേഡ് സുരക്ഷ.
യുഎസ്ബി ഡിവൈസ് സ്കാൻ ചെയ്യുന്നു.
ഡേറ്റാ എൻക്രിപ്ഷൻ.
ഓട്ടോ റൺപ്രൊട്ടക്ഷൻ.
മാൽവെയർ കണ്ടെത്തുന്നു.

ആപ്സംവിധ് (AppSamvid)

വിൻഡോസ് ഡെസ്ക്്ടോപ് ഉപയോഗിക്കുന്നവർക്കായി പുറത്തിറക്കിയിരിക്കുന്ന സോഫ്റ്റ്വെയറാണ് ആപ്സംവിധ്. ഉപയോക്‌താവ് നേരത്തെ അനുവദിച്ച ഫയലുകൾ മാത്രമെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ ആപ്സംവിധ് അനുവദിക്കൂ. മാൽവെയറുകളിൽ നിന്നുള്ള സംരക്ഷണവും ആപ്സംവിധിനുണ്ടെന്നാണ് അണിയറക്കാരുടെ പക്ഷം. വിൻഡോസ് 7, വിൻഡോസ് 10 തുടങ്ങിയവയിൽ ആപ്സംവിധ് പ്രവർത്തിക്കും.

പ്രത്യേകതകൾ

വൈറസ് സ്കാൻ
പാസ്വേഡ് സുരക്ഷ
സുരക്ഷിതമായ അപ്ഡേറ്റർ

സ്മാർട്ട് ഫോണിന്റേയും കംപ്യൂട്ടറിന്റേയും സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ പുറത്തിറക്കിയ സോഫ്റ്റ്വെയറുകളും ആപ്പുകളും ജനങ്ങൾക്ക് ആശ്വാസമാകുമെന്ന കാര്യത്തിൽ തർക്കമില്ല. സോഫ്റ്റ്വെയറുകൾ www.cyberswachhtakendra.gov.in എന്ന വെബ്സൈറ്റിൽ നിന്നും ആപ്പുകൾ പ്ലേസ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.

–സോനു തോമസ്

Related posts