കുട്ടി ജനിച്ചപ്പോള്‍ ‘ഒ പോസിറ്റീവ്’ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ ചെന്നപ്പോള്‍ ‘ എ പോസിറ്റീവ്’; കൊല്ലത്തെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കള്‍ മാറിപ്പോയതിങ്ങനെ

born600

കൊല്ലം: സ്വകാര്യ മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കള്‍ മാറിപ്പോയ സംഭവത്തിന് ഒടുവില്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പരിഹാരം. കൊല്ലത്തെ മെഡിസിറ്റി മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. അനീഷ്-റംസി ദമ്പതിമാരുടെയും, നൗഷാദ്-ജസീറ ദമ്പതിമാരുടെയും കുട്ടികളാണ് പരസ്പരം മാറിപ്പോയത്. ഒടുവില്‍ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തില്‍ തന്നെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു.

കൊല്ലത്തെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഓഗസ്റ്റ് 22നായിരുന്നു ഇരു സ്ത്രീകളും പ്രസവിച്ചത്.പ്രസവത്തിന് ശേഷം ആശുപത്രി അധികൃതര്‍ക്ക് കുട്ടികള്‍ മാറിപ്പോവുകയും മാസങ്ങളോളം ഇരു ദമ്പതികളും തങ്ങളുടേതല്ലാത്ത കുട്ടികളെ പോറ്റുകയുമായിരുന്നു. ഒടുവില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡിഎന്‍എ പരിശോധനകളും രക്തസാമ്പിളുകളുടെ പരിശോധനകളും കുട്ടികളെ തിരിച്ചറിയാന്‍ സഹായിക്കുകയായിരുന്നു. പിഴവ് അംഗീകരിക്കാന്‍ ആശുപത്രി കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഇടപെടലാണ് മാതാപിതാക്കള്‍ക്ക് രക്തത്തില്‍ പിറന്ന കുട്ടികളെ തിരിച്ചു കിട്ടാന്‍ ഇടയാക്കി മാറ്റിയത്. കുട്ടികള്‍ മാറിപ്പോയതിനു കാരണം മാതാപിതാക്കളായിരുന്നുവെന്ന ആശുപത്രി അധികൃതരുടെ വാദം മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പൊളിക്കുകയും ചെയ്തു.

ഓഗസ്റ്റ് 22ന് രാവിലെയാണ് റംസിയും ജസീറയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. വാങ്ങിക്കൊടുത്ത പച്ച ടവ്വലിന് പകരം റംസിക്ക് കിട്ടിയത് മഞ്ഞടൗവ്വലില്‍ അമ്മയുടെ പേര് എഴുതിയ ടാഗ് ഇല്ലാത്ത കുട്ടിയെ. മറുവശത്ത ജസീറയ്ക്ക് കിട്ടിയത് പച്ചടൗവ്വലില്‍ റംസ എന്ന ടാഗ് എഴുതിയ കുട്ടിയെയും ചോദിച്ചപ്പോള്‍ ടൗവ്വല്‍ മാറിപ്പോയെന്നായിരുന്നു അധികൃതരുടെ മറുപടി. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെടുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ റംസ കുഞ്ഞുമായി പോയി. കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. നാലു മാസം ഈ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു.

എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ കുഞ്ഞിന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവ് എന്നു കണ്ടു. തുടര്‍ന്ന് ആശുപത്രിയെ സമീപിച്ചെങ്കിലും അവര്‍ കൈയ്യൊഴിയുകയായിരുന്നു. പിന്നീടായിരുന്നു കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് കമ്മിറ്റി ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി ഡിഎന്‍എ പരിശോധന ആവശ്യപ്പെടുകയായിരുന്നു. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡിഎന്‍എ എടുത്തുള്ള പരിശോധനയും പിന്നീട് രക്തസാമ്പിളുകളുടെ പരിശോധനയും കഴിഞ്ഞതോടെ ഇരു ദമ്പതികള്‍ക്കും തങ്ങളുടെ കൈവശം ഇരിക്കുന്ന കുഞ്ഞിന്റെ ഉടമസ്ഥാവകാശം എതിര്‍വിഭാഗത്തിനാണെന്ന മനസ്സിലാകുകയും ഇരുവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ വച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റി നല്‍കി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

തങ്ങള്‍ വൈകിയാണ് ഡിഎന്‍എ പരിശോധനയുടെ ഫലം അറിഞ്ഞതെന്നുള്ള മെഡിസിറ്റിയുടെ വാദം കളവാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. ഡിഎന്‍എ പരിശോധനയ്ക്ക രക്തം ശേഖരിച്ചത് കൊട്ടിയം സി.ഐ. അജയനാഥിന്റെയും ശിശുക്ഷേമസമിതിയുടെയും നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് നിയോഗിച്ച ആളിന്റെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുഞ്ഞിന് ടാഗില്ലാത്തതും ടവല്‍ മാറിയതും ആശുപത്രി അധികൃതരെ അപ്പോള്‍ത്തന്നെ ബോധ്യപ്പെടുത്തിയിരുന്നതാണ്. കുട്ടികള്‍ മാറിയിട്ടില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലഡ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് കുട്ടികള്‍ മാറിയെന്ന് വ്യക്തമായത്.

ആശുപത്രി അധികൃതര്‍ പറയുന്ന തരത്തില്‍ തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. റംസി ആശുപത്രിയിലെ ഒന്നാംനിലയിലെ വാര്‍ഡിലും ജെസീറ നാലാംനിലയിലെ മുറിയിലുമായിരുന്നെന്നിരിക്കെ കുഞ്ഞുങ്ങളെ അങ്ങോട്ടുമിങ്ങോട്ടും എടുത്തുകൊണ്ടു പോയപ്പോള്‍ മാറിയതാകാമെന്ന വാദം പരിഹാസ്യമാണ്. ബന്ധുക്കള്‍ അല്ലാത്തതുകൊണ്ടുതന്നെ വിവാഹം, പാലുകാച്ച് ചടങ്ങുകളില്‍ തങ്ങള്‍ ഒന്നിച്ച് പങ്കെടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അവിടെവച്ച് മാറിയതാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.

 

Related posts