ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം രാവിലെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 276 റണ്‍സിൽ അവസാനിച്ചു. ആറ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കൂറ്റൻ ലീഡിലേക്ക് പോയ ഓസീസിനെ പിടിച്ചുനിർത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യൂ വേഡ് 40 റണ്‍സിനും മിച്ചൽ സ്റ്റാർക്ക് 26 റണ്‍സിനും പുറത്തായി. ഏഴാം വിക്കറ്റിൽ സ്റ്റാർക്ക്-വേഡ് സഖ്യം 49 റണ്‍സ് കൂട്ടിച്ചേർത്തതാണ് ഓസീസിന്റെ ലീഡ് ഉയർത്തിയത്. 237/6 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം തുടങ്ങിയത്.
കുത്തിത്തിരിയുന്ന പിച്ചിൽ 87 റണ്‍സ് ലീഡ് നേടിയ ഓസീസ് മത്സരത്തിൽ നിർണായക മുൻതൂക്കം നേടിയിരിക്കുകയാണ്. പൂനെയിലെ ബാറ്റിംഗ് ദുർവിധി ആദ്യ ഇന്നിംഗ്സിലും പിന്തുടർന്ന ഇന്ത്യയുടെ ബാറ്റ്സ്മാൻമാർ രണ്ടാം ഇന്നിംഗ്സിൽ എങ്ങനെ കളിക്കുമെന്ന് ആശ്രയിച്ചിരിക്കും മത്സരഫലം. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ 1-0ന് പിന്നിലായതിനാൽ ഈ മത്സരം നിർണായകമാണ്. ആദ്യ ഇന്നിംഗ്സിൽ 189 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു.