സംവിധായകന്, നിര്‍മാതാവ്, അവതാരകന്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തിയാര്‍ജിച്ച ആളാണ് ബോളിവുഡിന്റെ സ്വന്തം കരണ്‍ ജോഹര്‍. ജീവിത്തില്‍ പുതിയൊരു റോളുകൂടി ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഇരട്ടകുട്ടികളുടെ പിതാവ് എന്ന റോളാണ് അദ്ദേഹത്തിനിപ്പോള്‍ കിട്ടിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ താന്‍ ഒരച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് കരണ്‍ ജോഹര്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായത്. തന്റെ പ്രിയപ്പെട്ട ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും യഷ്, റൂഹി ജോഹര്‍ എന്നിങ്ങനെയാണ് കരണ്‍ പേരു നല്‍കിയിരിക്കുന്നത്. കുട്ടികളെ വളര്‍ത്താന്‍ തന്റെ അമ്മയുടെ സഹായമുണ്ടാവുമെന്നും കരണ്‍ പറയുന്നു. പിതാവാകാന്‍ എല്ലാവിധത്തിലും താന്‍ തയാറായി കഴിഞ്ഞതായും കരണ്‍ അറിയിച്ചു. തന്റെ മാതാപിതാക്കളുടെ പേരാണ് കരണ്‍ മക്കള്ക്കിട്ടിരിക്കുന്നതും.
‘എന്റെ ജീവിതത്തിലെ രണ്ടു കൂട്ടിച്ചേര്‍ക്കലുകളെക്കുറിച്ച് ഞാന്‍ അത്യാഹ്ലാദത്തോടെ നിങ്ങളെ അറിയിക്കുന്നു. എന്റെ മക്കള്‍, റൂഹിയും യഷും. മെഡിക്കല്‍ സയന്‍സിന്റെ സഹായത്തോടെയാണ് അവര്‍ ഈ ലോകത്തേക്കു കടന്നുവന്നത്, ഒരു രക്ഷകര്ത്താവായതില് ഞാന്‍ അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇതൊരു വൈകാരികമായ കാര്യമാണ്, ഒരച്ഛനാകുന്നതോടെയുണ്ടാകുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളുമെല്ലാം പരിഗണിച്ചാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. മാനസികമായും ശാരീരികമായും വൈകാരികമായുമൊക്കെ ഏറെ തയ്യാറെടുത്ത്, എന്റെ മക്കള്‍ക്ക് എന്റെ സ്നേഹവും കരുതലുമൊക്കെ ആവോളം ലഭിക്കുമെന്ന് ഉറപ്പാക്കിയാണ് ഞാന്‍ ഈ തീരുമാനത്തിലേക്കെത്തിയത്. ഇനി എന്റെ മക്കളാണ് എന്റെ ലോകവും പ്രാമുഖ്യവും. എന്റെ ജോലി, യാത്രകള്‍, ഉത്തരവാദിത്തങ്ങള്‍ എല്ലാം ഇനിയൊരല്പം നീക്കിവെക്കും. ദൈവം സഹായിച്ച് എനിക്കേറ്റവും കെയറിങ്ങായ, പിന്തുണ നല്കുന്ന ഒരമ്മയുണ്ട്. അമ്മ അവരുടെ കൊച്ചുമക്കളുടെ വളര്‍ച്ചയിലും അവിഭാജ്യ ഘടകമായിരിക്കും.
എന്റെ സ്വപ്നം പൂവണിയിച്ച സറോഗേറ്റിനോട് ഞാന്‍ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ മക്കളെ ഈ ലോകത്തേക്കു കൊണ്ടുവരുംമുമ്പ് അവര്‍ക്ക് സ്നേഹവും കരുതലുമെല്ലാം നല്‍കിയതിന്. അവള് എന്നെന്നും എന്റെ പ്രാര്‍ഥനകളില്‍ ഉണ്ടാകും. അവസാനമായി ഡോക്ടര്‍ ജതിന് ഷാ, നിങ്ങള്‍ക്കെന്റെ വലിയ നന്ദി, മാര്‍ഗനിര്‍ദേശം നല്കി പിന്തുണച്ചതിനും ഒരു കുടുംബാഗത്തെപ്പോലെ കരുതി ഈ മനോഹരമായ യാത്രയിലുടനീളം കൂടെനിന്നതിനും.’- കരണ്‍ ട്വിറ്ററിലൂടെ പറയുന്നു. വാടകഗര്‍ഭധാരണവും കുഞ്ഞുങ്ങളെ ദത്തെടുക്കലും ബോളിവുഡില്‍ സാധാരണമാണ്.
— Karan Johar (@karanjohar) March 5, 2017