നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതിനിയമത്തിലെ 24, 80 സി, 80 ഇഇ എന്നീ വകുപ്പുകളിലായി ഭവനവായ്പയ്ക്കു വിവിധ നികുതിയിളവുകൾ നല്കുന്നുണ്ട്. ഭവനവായ്പ എടുക്കുന്പോൾതന്നെ അതു മൂലമുള്ള നികുതിനേട്ടങ്ങളും കണക്കിലെടുക്കണം. ഭവനവായ്പ തിരിച്ചടയ്ക്കുന്പോഴാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. തിരിച്ചടവിലെ മുതലിനും പലിശയ്ക്കും പ്രത്യേകം വകുപ്പുകളിലായി ആനുകൂല്യങ്ങളുണ്ട്.
മുതൽ തിരിച്ചടവിന്
80 സി വകുപ്പനുസരിച്ച് ഭവനവായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നതിനു നിലവിൽ 1.5 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 80 സി വകുപ്പിലാണ് നികുതിയിളവിനുള്ള വിവിധ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതലായവയിലേക്കുള്ള നിക്ഷേപങ്ങൾ എല്ലാം ഉൾപ്പെടെ 1.5 ലക്ഷം രൂപ മാത്രമേ പരമാവധി ഈ വകുപ്പനുസരിച്ച് വരുമാനത്തിൽനിന്നു കിഴിവായി എടുക്കാൻ സാധിക്കൂ.
80 സി വകുപ്പിൽ ആദായനികുതി നിയമം അനുസരിച്ച് വരുമാനത്തിൽനിന്ന് ഇളവു ലഭിക്കുന്നത് വായ്പ തിരിച്ചടയ്ക്കുന്ന വർഷത്തിലാണ്. കൂടാതെ വസ്തു വാങ്ങുന്പോൾ നല്കുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പനുസരിച്ച് കിഴിവിനർഹമാണ്. ഈ കിഴിവ് ലഭിക്കുന്നതിന് ഭവനവായ്പയുടെ ആവശ്യമില്ല.
അംഗീകൃത ബാങ്കിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും മറ്റും എടുത്തിട്ടുള്ള വായ്പയുടെ മുതലിന്റെ തിരിച്ചടവിനാണ് വരുമാനത്തിൽനിന്നും പ്രസ്തുത വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നത്. ഭവനനിർമാണം പൂർത്തിയായതിനുശേഷം മാത്രമാണ് തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഭവനവായ്പ എടുത്ത് വീടു നിർമിച്ച് നികുതി ആനുകൂല്യം നേടിയ ശേഷം ഇത് പെട്ടെന്ന് വിൽക്കാൻ പാടില്ല. നിർമാണം പൂർത്തിയാക്കിയതിനു ശേഷം ചുരുങ്ങിയത് അഞ്ചു വർഷം ഈ ഭവനം സ്വന്തമായി തന്നെ സൂക്ഷിക്കണം. അഞ്ചു വർഷത്തിനു മുന്പ് വില്ക്കുകയാണെങ്കിൽ അതുവരെ ലഭിച്ച കിഴിവുകൾ തന്നാണ്ടിലെ വരുമാനമായി കണക്കാക്കി നികുതിക്കു വിധേയമാക്കും.
പലിശയ്ക്ക്
ആദായനികുതി നിയമം 24-ാം വകുപ്പിലും 80 ഇഇ വകുപ്പിലും ആണ് ഭവനവായ്പയുടെ പലിശയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്. 24-ാം വകുപ്പനുസരിച്ച് പലിശയിനത്തിൽ രണ്ടു ലക്ഷം രൂപ വരുമാനത്തിൽനിന്നുള്ള കിഴിവായി അനുവദിക്കും. ഭവനം സ്വന്തം പാർപ്പിടാവശ്യത്തിന് ഉപയോഗിക്കുന്പോഴാണ് ഈ കിഴിവ് ലഭിക്കുന്നത്.
ഭവനം വാടകയ്ക്ക് നല്കുന്നതിനുവേണ്ടിയാണെങ്കിൽ രണ്ടു ലക്ഷം രൂപയുടെ ലിമിറ്റ് ബാധകമല്ല. പലിശയ്ക്ക് പരിധി സൂചിപ്പിച്ചിട്ടില്ല. പലിശ ബാങ്കിൽ അടച്ചില്ലെങ്കിലും കിഴിവിനർഹമാണ്. അതായത്, ഇഎംഐ മുടങ്ങിയെന്നു കരുതി അതിലെ പലിശഭാഗത്തിനു കിഴിവ് ലഭിക്കാതിരിക്കില്ല. അതിനാൽ ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും പലിശയ്ക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്ന സമയത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സാധാരണഗതിയിൽ അടച്ച തുകയെ മുതലും പലിശയുമായി വേർതിരിച്ചാണ് ബാങ്കുകൾ സർട്ടിഫിക്കറ്റ് നല്കുന്നതിന് സന്നദ്ധത കാണിക്കുന്നത് (തിരിച്ചടയ്ക്കാത്ത മുതൽ ഭാഗത്തിന് കിഴിവ് ഒരിക്കലും ലഭിക്കില്ല). ജോലി സംബന്ധമായോ മറ്റോ വീട്ടുടമയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ സാധിക്കാതെ വരികയും വീട് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും കിഴിവ് രണ്ടു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ.
അതുപോലെതന്നെ ഭവനവായ്പ എടുത്ത് വീടു നിർമിക്കുന്ന സാഹചര്യത്തിൽ നിർമാണം അഞ്ചു വർഷത്തിനകം പൂർത്തിയാക്കിയിരിക്കണം. 2016 ഏപ്രിൽ ഒന്നു വരെ കാലാവധി മൂന്നു വർഷമായിരുന്നു. 2016 ഏപ്രിൽ ഒന്നു മുതലാണ് ഭവനനിർമാണത്തിനുള്ള കാലാവധി അഞ്ചു വർഷമാക്കിയത്.
ഏതെങ്കിലും കാരണവശാൽ പ്രസ്തുത കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിക്കുന്ന കിഴിവ് രണ്ടു ലക്ഷം രൂപയ്ക്കു പകരം വെറും 30,000/- രൂപ മാത്രമായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ, വാടകയ്ക്കു നല്കുന്നതിനുവേണ്ടി നിർമിക്കുന്ന ഭവനങ്ങൾക്ക് ഈ കാലാവധിയും പരിധിയും ബാധകമല്ല.
നിർമാണം പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് പലിശയ്ക്കു കിഴിവ് ലഭിക്കുക എന്ന് സൂചിപ്പിക്കുന്നു. അപ്പോൾ നിർമാണസമയത്ത് ചെലവാകുന്ന പലിശയ്ക്ക് തന്നാണ്ടിൽ കിഴിവ് ലഭിക്കില്ല. മറിച്ച്, നിർമാണം പൂർത്തിയായിക്കഴിഞ്ഞ് ആകെ ചെലവായ പലിശ അഞ്ചു വർഷത്തേക്കായി ഭാഗിച്ച് അതിൽ ഒന്നു വീതം ഓരോ വർഷവും കിഴിവായി എടുക്കാവുന്നതാണ്.
2017 ഏപ്രിൽ ഒന്നു മുതൽ, അതായത് സാന്പത്തികവർഷം 2017-18 മുതൽ ഹൗസ് പ്രോപ്പർട്ടി ഇനത്തിൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം സംഭവിക്കുകയാണെങ്കിൽ തന്നാണ്ടിൽ രണ്ടു ലക്ഷം രൂപ മാത്രമേ മറ്റു വരുമാനങ്ങളുമായി സെറ്റോഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. അതിൽ കൂടുതൽ വരുന്ന നഷ്ടം അടുത്ത എട്ടു വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്തുകൊണ്ടുപോകാൻ സാധിക്കും.
ഇതിനിടെ വാടക ഇനത്തിൽ നികുതിക്കു വിധേയമായ വരുമാനം ലഭിക്കുകയാണെങ്കിൽ ലിമിറ്റനുസരിച്ച് സെറ്റോഫ് ചെയ്യാൻ സാധിക്കും. തുടർച്ചയായ വർഷങ്ങളിൽ നഷ്ടം സംഭവിച്ചാൽ തുക എട്ടു വർഷം കഴിഞ്ഞ് കാലഹരണപ്പെട്ടു പോവുകയും ചെയ്യും. ബാങ്കിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പണം വായ്പ എടുത്ത് വീടുകൾ നിർമിച്ച് വാടകയ്ക്കു നല്കുകയും നിക്ഷേപങ്ങളായി കരുതുകയും ചെയ്യുന്ന ആളുകൾക്ക് ഈ നിയമം തീർച്ചയായും ദോഷകരമാണ്.
80 ഇഇ അനുസരിച്ച്
ഈ വകുപ്പനുസരിച്ച് പലിശയ്ക്ക് 50,000 രൂപ വരെയുള്ള കിഴിവാണ് ലഭിക്കുന്നത്. ആദായനികുതി നിയമം 24-ാം വകുപ്പനുസരിച്ച് ലഭിക്കുന്ന രണ്ടു ലക്ഷം രൂപയുടെ കിഴിവിനും ഉപരിയാണ് ഇത്. ഈ കിഴിവ് ലഭിക്കണമെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം.
1) വാങ്ങുന്ന വീടിന് 50 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം വില.
2) വായ്പ തുക 35 ലക്ഷം രൂപയിൽ കവിയരുത്.
3) വായ്പത്തുക 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ ആയിരിക്കണം പാസാക്കിയിരിക്കേണ്ടത്.
4) ലോണ് തിരിച്ചടവിന്റെ കാലാവധി തീരും വരെ ഈ ആനുകൂല്യം ലഭിക്കും.
5) 2016-17 സാന്പത്തികവർഷം മുതൽ ഇത് പ്രാബല്യത്തിലുണ്ട്.
ഭവനവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും കിഴിവ് ലഭിക്കണമെങ്കിൽ നിർമിക്കുന്ന വീടും എടുക്കുന്ന വായ്പയും സ്വന്തം പേരിൽ ആയിരിക്കണം. ഭൂമിയും വീടും കൂട്ടായിട്ടാണ് ഉടമസ്ഥാവകാശമെങ്കിലും ആനുകൂല്യം ലഭിക്കുന്നതാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓരോ വ്യക്തിക്കും പരമാവധി ആനുകൂല്യം അവകാശപ്പെടാവുന്നതാണ്. വസ്തുവിന്മേലല്ല ആനുകൂല്യം ലഭിക്കുന്നത്, പകരം വ്യക്തികൾക്കാണ് കിഴിവ് ലഭ്യമാക്കുന്നത്. more at: