കൊടകര: അഴിമതി ഇല്ലാതാക്കി സിവിൽ സർവീസ് മേഖല കാര്യക്ഷമമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2.20 കോടി രൂപ ചെലവിൽ കൊടകരയിൽ നിർമിച്ച മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ സർവീസ് മേഖല പുതിയ മുഖത്തോടെയാണു പ്രവർത്തിക്കുന്നത്.
എന്നാൽ ചില ഉദ്യോഗസ്ഥർ പഴയ ശീലങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇത്തരക്കാർ പുതിയ ശീലത്തിലേക്കെത്തുന്നതാണു നന്നാവുകയെന്നു മുഖ്യമന്ത്രി താക്കീതു നൽകി. ആവശ്യത്തിനു ഐഎഎസുകാർ സംസ്ഥാനത്തില്ല. പലരും ഡപ്യൂട്ടേഷനിലാണ്. ഇതുമൂലം ഐഎഎസുകാരുടെ ഭരണതന്ത്രം ആവശ്യത്തിന് ഉപയോഗപ്പെടുത്താനാവുന്നില്ല. ഈ പോരായ്മ പരിഹരിക്കാൻ എത്രയും പെട്ടെന്നു ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിക്കും.
കേരള മോഡൽ ശക്തിപ്പെടുത്തി കാലാനുസൃതമായി കേരളത്തിന്റെ മുഖഛായ മാറ്റിയെടുക്കും. സാധാരണക്കാർ ഓഫീസുകളിലെത്തുന്പോൾ അവരെ അനാവശ്യമായി നടത്തിക്കുന്ന പ്രവണത ചില ഉദ്യോഗസ്ഥർക്കുണ്ട്. തങ്ങൾ കൈപ്പറ്റുന്ന ശന്പളത്തിൽ സാധാരണക്കാരുടെ വിഹിതമുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണം. വരൾച്ചയെ പ്രതിരോധിക്കാൻ സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കാൻ ജനങ്ങൾ മുന്നോട്ടുവരണം.
നാട്ടിലെ കിണറുകളും കുളങ്ങളും സംരക്ഷിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ്, ചാലക്കുടി തഹസിൽദാർ പി.എസ്. മധുസൂദനനു സിവിൽ സ്റ്റേഷന്റെ താക്കോൽ കൈമാറി.