തിരുവനന്തപുരം: ബജറ്റ് ചോർച്ച വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം നിയമസഭയിൽ ആദ്യം അവതരിപ്പിച്ചത്. പിന്നീട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബജറ്റ് വിവരങ്ങൾ ചോർന്നത് ധനകാര്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പ്രതിപക്ഷത്തെ വി.ഡി.സതീശൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു.
ബജറ്റിലെ അതേ വാക്കുകളാണ് മാധ്യമങ്ങളിൽ വന്നത്. പേഴ്സണൽ സ്റ്റാഫുകൾക്ക് കളിക്കാനുള്ള കളിപ്പാട്ടമല്ല ഒൗദ്യോഗിക രേഖയെന്ന് സതീശൻ പറഞ്ഞു. കുറ്റം ചെയ്തത് ധനമന്ത്രി തന്നെയാണ്.വാർത്താ മാധ്യമങ്ങളിൽ ഇടം പിടിയ്ക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സതീശൻ ആരോപിച്ചു. എന്നാൽ ബജറ്റ് ചോർന്നിട്ടില്ലെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പാണ് ചോർന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക് സഭയെ അറിയിച്ചു.
അതേ സമയം ബജറ്റ് വിവരങ്ങൾ പുറത്ത് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മാത്രമാണെന്നും ആരോപണത്തിൽ കഴന്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.